1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2018

സ്വന്തം ലേഖകന്‍: മതതീവ്രവാദത്തേയും ഇസ്ലാമിക് സ്റ്റേറ്റിനേയും തുടച്ചു നീക്കാന്‍ ഒറ്റക്കെട്ടായി പൊരുതുമെന്ന് 73 രാജ്യങ്ങള്‍. മതതീവ്രവാദത്തിനെതിരേയും ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരത ഇല്ലായ്മ ചെയ്യുന്നതിനും ആഗോളതലത്തില്‍ നടക്കുന്ന കൂട്ടായ നടപടികള്‍ക്ക് കുവൈത്തില്‍ കഴിഞ്ഞ ദിവസം നടന്ന 73 രാജ്യങ്ങളുടെ സമ്മേളനം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഐഎസ് ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനു ലോകരാഷ്ട്രങ്ങളുടെ സഖ്യം നടത്തുന്ന ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ക്കു ശക്തിപകരാന്‍ കുവൈത്ത് അടക്കമുള്ള അറബ് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചു. എന്നാല്‍ സൈനിക നടപടികളില്‍ കുവൈത്ത് പങ്കാളിയാകില്ല.

ഐഎസ് ഭീകരതയെ പൂര്‍ണമായി പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം അമേരിക്കയും സഖ്യകക്ഷികളും ഇനിയും നേടിയിട്ടില്ലെന്നു സമ്മേളനത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഇറാക്കിലും സിറിയയിലും ഐഎസ് ഭീകരരെ തുരത്തുന്നതിനു നടത്തിയ ഓപ്പറേഷന്റെ പ്രധാന ഭാഗം മാത്രമാണ് വിജയം നേടിയത്. ചില പ്രദേശങ്ങള്‍ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണ്. അവകൂടി മോചിപ്പിക്കുക മാത്രമല്ല ലക്ഷ്യം. ഐഎസ്, അല്‍ ക്വയ്ദ തുടങ്ങിയ ഭീകരസംഘടനകളുടെ അടിവേര് ഇല്ലാതാക്കുന്നതു വരെ പോരാട്ടം തുടരണം കുവൈത്ത് അമീറിന്റെ വസതിയായ ബയണ്‍ കൊട്ടാരത്തില്‍ നടന്ന സമ്മേളനത്തില്‍ ടില്ലേഴ്‌സണ്‍ ഓര്‍മിപ്പിച്ചു.

ഇറാക്കിലും സിറിയയിലും തിരിച്ചടി നേരിട്ട ഐഎസ് ഭീകരര്‍ അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, ലിബിയ, കിഴക്കന്‍ ആഫ്രിക്ക അടക്കമുള്ള ഇതര രാജ്യങ്ങളില്‍ സുരക്ഷിത താവളങ്ങള്‍ തേടുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഇറാക്കില്‍നിന്ന് ഏതാണ്ട് പൂര്‍ണമായും സിറിയയിലെ പ്രധാന കേന്ദ്രങ്ങളില്‍നിന്നും ഐഎസിനെ തുരത്താന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികള്‍ക്കു കഴിഞ്ഞു. എന്നാല്‍, ഇറാക്കിലും സിറിയയിലും വീണ്ടും നുഴഞ്ഞുകയറാനും ഭീകരര്‍ ശ്രമിക്കുകയാണ്. ഐഎസ് ഭീകരരുടെ നിയന്ത്രണത്തില്‍നിന്നു മോചിപ്പിച്ച സിറിയയിലെ പ്രദേശങ്ങളുടെ സംരക്ഷണത്തിന് രണ്ടു കോടി ഡോളര്‍ (130 കോടിയോളം രൂപ) കൂടി അമേരിക്ക നല്‍കുമെന്ന് ടില്ലേഴ്‌സണ്‍ പ്രഖ്യാപിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.