1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് ഈ വര്‍ഷം പൊതുമാപ്പ് പ്രഖ്യാപിക്കേണ്ടതില്ലെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളാണ് ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുമാപ്പ് പ്രതീക്ഷിച്ച് താമസനിയമലംഘനം നടത്തുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ പുതിയ നീക്കം

കുവൈത്തില്‍ നിയമലംഘനത്തിന് പിടിയിലാകുന്നവരെ 5 വര്‍ഷത്തേക്ക് നാട് കടത്തുന്ന രീതിയിലാണ് ആഭ്യന്തര മന്ത്രാലയം നിമയത്തില്‍ മാറ്റം വരുത്തിയത്.
നിയമലംഘനത്തിന് പിടിയിലായാല്‍ കുവൈത്തില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യത്ത് ഒരിടത്തും 5 വര്‍ഷ കാലയളവിലേക്ക് പ്രവേശനം ലഭ്യമാകാത്ത വിധമായിരിക്കും നാടുകടത്തുക. താമസനിയമലംഘകരെ കണ്ടെത്താന്‍ മിന്നല്‍ പരിശോധന അടക്കമുള്ള തിരച്ചില്‍ ശക്തമാക്കും.

പിഴയൊടുക്കാതെ രാജ്യം വിട്ടുപോവാന്‍ നിയമലംഘകര്‍ പൊതുമാപ്പ് മറയാക്കുന്നുവെന്നാണ് സര്‍ക്കാറിന്‍റെ കണ്ടെത്തല്‍. ഇത്തരത്തില്‍ രാജ്യം വിട്ടുപോവുന്നവര്‍ പുതിയ വിസയില്‍ കുവൈത്തിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തോ തിരിച്ചെത്തുകയും ചെയ്യും. ഈ രീതി തടയാനാണ് മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം.

നിയമലംഘകര്‍ സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി മറ്റിടങ്ങങ്ങളില്‍ ജോലി ചെയ്ത് കൂടുതല്‍ വരുമാനം നേടുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടുജോലിക്കാരാണ് ഇത്തരത്തില്‍ പുറം ജോലി ചെയ്ത് പണം സമ്പാദിക്കുന്നത്. സ്പോണ്‍സറുടെ വീടുകളില്‍ നിന്ന് ചാടിപ്പോകുന്ന ഇവര്‍ നാലും അഞ്ചും വീടുകളിലായി ജോലി ചെയ്യുന്നു.

സ്പോണ്‍സറുടെ വീട്ടില്‍ നിന്നും ലഭിക്കുന്നതിന്‍റെ ഇരട്ടി വരുമാനം ഇത്തരത്തില്‍ പുറം ജോലി ചെയ്യുന്നതോടെ ലഭിക്കുന്നു. നിയമവും പരിശോധനയും കര്‍ശനമാക്കുന്നതോടെ ഇത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ കഴിയുമെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.

അനധികൃതമായി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതോടെ രാജ്യത്ത് നിയമലംഘകരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപതിനായിരമായി കുറയ്ക്കാൻ സാധിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

70 വയസ്സ് തികഞ്ഞ വിദേശികള്‍ക്ക് ഇഖാമ പുതുക്കി നല്‍കേണ്ടതില്ലെന്ന് മാന്‍പവര്‍ അതോറിറ്റിയും തീരുമാനിച്ചിട്ടുണ്ട്. ഏത് വിഭാഗം ജോലിയാണെങ്കിലും ഇഖാമ പുതുക്കി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് വേണമെങ്കില്‍ കുടുംബ വിസയില്‍ രാജ്യത്ത് തുടരാന്‍ അനുമതി നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.