1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2017

സ്വന്തം ലേഖകന്‍: ലോ അക്കാഡമി സമരത്തിന് അവസാനം, സമരം വിജയിച്ചതായി സംഘടനകള്‍, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം തുടരുന്നു. കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയില്‍ നടന്ന വിദ്യാര്‍ഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിക്കാന്‍ കാരണമായത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പുവച്ച് കരാറുണ്ടാക്കിയാണ് സമരം തീര്‍ത്തത്.

പുതിയ കരാര്‍ പ്രകാരം ലക്ഷ്മി നായര്‍ക്ക് പകരം വരുന്ന പ്രിന്‍സിപ്പലിന് കാലാവധി ഉണ്ടാകില്ലെന്നതാണ് കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഈ കരാര്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പും വിദ്യാഭ്യാസമന്ത്രി പ്രതിഷേധക്കാര്‍ക്ക് നല്‍കി. ഇതോടെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം മാനേജ്‌മെന്റ് അംഗീകരിച്ചു.

വിദ്യാര്‍ഥി സമരം പുര്‍ണമായും വിജയിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്ന് കഐസ്യു സംസ്ഥാന അധ്യക്ഷന്‍ വി.എസ്.ജോയിയും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുബേഷ് സുധാകരനും പ്രതികരിച്ചു. വിദ്യാര്‍ഥികളുടെ സമരം ന്യായമാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ മാനേജ്‌മെന്റിനോട് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.

പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് പറയുന്നതില്‍ അവ്യക്തതയുണ്ടെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പറഞ്ഞു. ഇതിന് പിന്നാലെ പ്രിന്‍സിപ്പല്‍ സ്ഥാനം ലക്ഷ്മി നായര്‍ ഒഴിഞ്ഞുവെന്ന് ഡയറക്ടര്‍ നാരായണന്‍ നായര്‍ യോഗത്തില്‍ വ്യക്തമാക്കി. പുതിയ പ്രിന്‍സിപ്പലിനെ മാനദണ്ഡങ്ങള്‍ പാലിച്ച് നിമിക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.

സമരം വിജയിച്ചത് അറിഞ്ഞതോടെ അക്കാഡമിക്ക് മുന്നില്‍ എല്ലാ സംഘടനകളിലെയും വിദ്യാര്‍ഥികള്‍ ആഹ്ലാദപ്രകടനം നടത്തി. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ നിരാഹാരം അവസാനിപ്പിക്കുന്നുവെന്ന് കെ.മുരളീധരന്‍ എംഎല്‍എയും ബിജെപി നേതാവ് വി.വി.രാജേഷും പ്രഖ്യാപിച്ചു.

അതിനിടെ ലക്ഷ്മി നായര്‍ക്ക് തിരുവനന്തപുരം സബ് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. അക്കാദമിയില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് വി. മുരളീധരനും വിദ്യാര്‍ത്ഥികളും സമര്‍പ്പിച്ച ഹര്‍ജികളിലാണ് തിരുവനന്തപുരം സബ് കോടതിയുടെ നടപടി.

നിയമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരും കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണം. ഇവരെ കൂടാതെ അഡ്വക്കറ്റ് ജനറലും കേരള സര്‍വകലാശാല വൈസ് ചാന്‍സലറും കോടതിയില്‍ ഹാജരാകാണം. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാനാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്ന നോട്ടീസില്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

നേരത്തേ ലോ അക്കാദമിയ്ക്ക് സമീപത്തെ ഹോട്ടലും സഹകരണ ബാങ്ക് ബ്രാഞ്ചും ഒഴിപ്പിക്കാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. കോളേജിന്റെ കവാടം പൊളിച്ചുനീക്കി, സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനും നിര്‍ദ്ദേശമുണ്ട്. ഭൂമി സംബന്ധിച്ച് റവന്യു വകുപ്പ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.

സമരം ഒരുവിധത്തില്‍ അവസാനിപ്പിച്ചെങ്കിലും സമൂഹ മാധ്യമങ്ങളില്‍ യുദ്ധം തുടരുകയാണ്. സമരം പൂര്‍ണ വിജയമായിരുന്നുവെന്ന് കെഎസ് യു, എബിവിപി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ അടങ്ങുന്ന സമരസമിതി അവകാശപ്പെടുമ്പോള്‍ തങ്ങള്‍ ഉണ്ടാക്കിയ ധാരണ തന്നെയാണ് ഇപ്പോഴും ഉണ്ടാക്കിയതെന്നാണ് എസ്എഫ്‌ഐ പറയുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.