1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2016

സ്വന്തം ലേഖകന്‍: വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍, യാത്ര സുഗമമാക്കാന്‍ നിയമ ഭേദഗതി വരുന്നു. യാത്ര റദ്ദാക്കിയാല്‍ യാത്രക്കാരന് തിരിച്ചുനല്‍കുന്ന വിമാനക്കൂലി, കൂടുതലുള്ള ബാഗേജിന് ഈടാക്കുന്ന തുക എന്നിവ നിയന്ത്രിക്കുകയാണ് നിയമത്തില്‍ മാറ്റം വരുത്തുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

യാത്ര റദ്ദാക്കിയാല്‍ യാത്രക്കാരന് നഷ്ടമാകുന്ന തുക കുറക്കുകയും ബാഗേജ് നഷ്ടപ്പെട്ടാലുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുകയും കൂടുതലുള്ള ബാഗേജിന് ഈടാക്കുന്ന തുക കുറക്കുകയുമാണ് വ്യോമയാന നിയമ ഭേദഗതിയിലെ പ്രധാന നിര്‍ദ്ദേശങ്ങളെന്നാണ് സൂചന. 2015 ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ നിയമ ഭേദഗതിപ്രകാരം വിമാന യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തിയിരുന്നു.

ഈ നിയമം ഫലപ്രദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതി. ഭേദഗതിയെക്കുറിച്ച് വിമാനക്കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ വെബ്‌സൈറ്റില്‍ പെതുജനാഭിപ്രായം സ്വരൂപിക്കുന്നതിന് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ നിര്‍ദേശമനുസരിച്ച് യാത്ര റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന തുക ഒരു കാരണവശാലും അടിസ്ഥാന നിരക്കില്‍ കൂടുതലാകാന്‍ പാടില്ല.
യാത്രക്കൂലിയുടെ ഭാഗമായ നികുതികളും എയര്‍പോര്‍ട്ട് വികസന ഫീസ്, പാസഞ്ചര്‍ സര്‍വിസ് ഫീസ് എന്നിവയും യാത്രക്കാരന് നിര്‍ബന്ധമായും തിരിച്ചുനല്‍കണം. നിലവില്‍ വിമാനം റദ്ദായാല്‍ മാത്രമേ ഇത്തരത്തില്‍ തുക തിരിച്ചുനല്‍കാറുള്ളൂ.

യാത്രക്കാരന് കൈയില്‍ വെക്കാനുള്ള ബാഗേജിന്റെ കാര്യത്തിലും നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴുള്ള നിരക്കനുസരിച്ച് മിക്ക വിമാനക്കമ്പനികളും 15 കിലോ ബാഗേജാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്. ഈ വ്യവസ്ഥയിലും മാറ്റമുണ്ടാകും. കൂടാതെ, യാത്ര മുടങ്ങിയാല്‍ തിരികെ നല്‍കുന്ന തുക വിമാനക്കമ്പനികള്‍ യാത്രക്കാരന് നേരിട്ട് നല്‍കാനും ഇടനിലക്കാരായി ട്രാവല്‍ ഏജന്‍സികളെ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.