1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2020

സ്വന്തം ലേഖകൻ: ​ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ ഏഴോടെ കൊവിഡ് നെ​ഗറ്റീവ് ആയെങ്കിലും ശ്വസനസംബന്ധമായ ​പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നില്ല.

അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്നും ഫിസിയോ തെറാപ്പിയോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ എസ്.പി ചരൺ സോഷ്യൽ മീഡിയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേ​ഹത്തിന്റെ ആരോ​ഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.

വൈകിട്ട് നാലു മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടില്‍ 4.30 മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. റെഡ്ഹില്‍സിന് സമീപത്തെ താമരെപ്പാക്കത്തായിരിക്കും സംസ്‌കാരം. സമയം തീരുമാനിച്ചിട്ടില്ല.

ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബി. തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40,000 ത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ എന്‍ ടി ആര്‍ ദേശീയ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷന്‍ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

1946 ജൂണ്‍ 4ന് തെലുങ്ക് ബ്രാഹ്‌മണ കുടുംബത്തില്‍ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരില്‍ ജനിച്ചു. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.