1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2017

 

സ്വന്തം ലേഖകന്‍: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗമാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും കേരളത്തിലെ യു.ഡി.എഫ് നേതൃത്വത്തില്‍ അദ്ദേഹം തുടരുമെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞമാസം പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. കൂടാതെ അദ്ദേഹത്തിന് ജനങ്ങളിലുള്ള സ്വാധീനവും കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ മാസം 20ന് നാമനിര്‍ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ തവണ മണ്ഡലത്തില്‍ ഇ.അഹമ്മദ് നേടിയ വോട്ടിനേക്കാളും ഏറെ വോട്ടുകള്‍ നേടുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അതിന് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുക എന്നതാണ് ഏറ്റവും ഉചിതമായ കാര്യമെന്നും മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഇക്കാര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയതെന്നും മജീദ് ചൂണ്ടിക്കാട്ടി.

മലപ്പുറം എം.പിയായിരുന്ന ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. തുടര്‍ന്ന് ഇ.അഹമ്മദിന്റെ മകള്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും അവസാനം കുഞ്ഞാലിക്കുട്ടിയുടെ പേരുതന്നെ അംഗീകരിക്കുകയായിരുന്നു. നിലവില്‍ നിയമസഭാ പ്രതിപക്ഷ ഉപനേതാവാണ് കുഞ്ഞാലിക്കുട്ടി. ഏപ്രില്‍ 12 നാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.