1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2019

സ്വന്തം ലേഖകന്‍: ‘ഈ പെണ്‍കുട്ടിയെ അറിയുമോ? അവളാണ് എന്റെ ഹീറോ,’ മലയാളി പെണ്‍കുട്ടിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര. സൈബര്‍ ലോകത്ത് താരമായിരിക്കുകയാണ് പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പോയ മാള സ്വദേശിനിയായ സി.എ കൃഷ്ണ എന്ന പെണ്‍കുട്ടി. ഇപ്പോള്‍ പെണ്‍കുട്ടിയുടെ വീഡിയോ ട്വിറ്റില്‍ പങ്കുവച്ചുകൊണ്ട് അവളാണ് തന്റെ ഹീറോ എന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര കുറിച്ചു. ബ്രില്ല്യന്റ് ഗേള്‍, ഇതു കൂടിയാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നാണ് വീഡിയോയ്‌ക്കൊപ്പം ആനന്ദ് മഹീന്ദ്ര കുറിച്ചിരിക്കുന്നത്.

തൃശ്ശൂരിലുള്ള ആര്‍ക്കെങ്കിലും ഈ പെണ്‍കുട്ടിയെ അറിയുമോ? അവളുടെയും ആ കുതിരയുടെയും ചിത്രം എനിക്ക് സ്‌ക്രീന്‍ സേവറായി ഇടാന്‍ വേണം. അവളാണ് എന്റെ ഹീറോ, അവളുടെ പ്രവൃത്തി എന്നില്‍ ശുഭാപ്തിവിശ്വാസം നിറച്ചു എന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്റില്‍ കുറിച്ചു. മനോജ് കുമാര്‍ എന്നയാള്‍ പങ്കുവച്ച വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടാണ് ആനന്ദ് മഹീന്ദ്ര ഇതു കുറിച്ചത്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാള പുത്തന്‍വേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദയുടെ മകളാണ് കൃഷ്ണ.

മാള ഹോളിഗ്രേസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണ, റാണാ കൃഷ് എന്നു പേരിട്ടിരിക്കുന്ന കുതിരയുടെ പുറത്താണ് പരീക്ഷയെഴുതാന്‍ പോയത്. സ്‌കൂളില്‍ ഒരു ദിവസത്തെ കുതിര സവാരി പരിശീലന പരിപാടിക്ക് ശേഷമാണ് കൃഷ്ണയ്ക്ക് കുതിരക്കമ്പം തുടങ്ങിയത്. പരീശീലകര്‍ മകളുടെ പ്രകടനത്തിന് മികച്ച അഭിപ്രായം പറഞ്ഞതോടെ അച്ഛന്‍ മകള്‍ക്ക് ഒരു കുതിരയെ വാങ്ങി നല്‍കുകയായിരുന്നു. അച്ഛനും അമ്മയും എന്തിനും ധൈര്യം പകര്‍ന്ന് കൃഷ്ണയ്‌ക്കൊപ്പമുണ്ട്. പഠിക്കാന്‍ മാത്രമല്ല കൃഷ്ണ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകുന്നതും കുതിരപ്പുറത്താണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.