1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2019

സ്വന്തം ലേഖകന്‍: ചായ് വാലയായിരുന്ന മോദി ഇപ്പോള്‍ റഫാല്‍ വാലയായതായി മമത; ഭരിക്കുന്നത് ദീദിയാണെങ്കിലും ബംഗാളില്‍ നടക്കുന്നത് ദാദാഗിരിയെന്ന് തിരിച്ചടിച്ച് മോദി; മമത, മോദി വാക്‌പോരാട്ടം മുറുകുന്നു. ഉരുളക്കുപ്പേരി കണക്കെയുള്ള വാക്‌പോരായിരുന്നു മോദിയും മമതയും തമ്മില്‍ നടന്നത്.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി മമതക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ദീദിയാണ് മുഖ്യമന്ത്രിയെങ്കിലും ദാദാഗിരിയാണ് ബംഗാള്‍ ഭരിക്കുന്നതെന്ന് മോദി വിമര്‍ശിച്ചു. അതേസമയം മോദിക്കെതിരെ തിരിച്ചടിച്ച് മമത രംഗത്തെത്തി. പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് ചായ് വാലയായിരുന്ന മോദി ഇപ്പോള്‍ റഫാല്‍ വാലയായെന്നായിരുന്നു മമതയുടെ മറുപടി.

പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നവരെ സംരക്ഷിക്കാനായി ആദ്യമായാണ് ഒരു മുഖ്യമന്ത്രി ധര്‍ണ നടത്തുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ബംഗാളിലെ ജനങ്ങളെ സിന്‍ഡിക്കേറ്റുകള്‍ക്ക് വിട്ട് കൊടുത്ത് മമത പ്രധാനമന്ത്രിയാവാന്‍ നോക്കുകയാണെന്നും മോദി പറഞ്ഞു. കമ്യൂണിസ്റ്റുകാരുടെ കാല്‍പ്പാടുകളാണ് മമത സര്‍ക്കാറും പിന്തുടരുന്നത്.

മമത ഇപ്പോള്‍ പേടിച്ചിരിക്കുകയാണ്. എന്നെയല്ല അവര്‍ക്ക് ഭയം, ബംഗാള്‍ ജനതയെ ആണ് ഭയം. നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുന്ന മമത സര്‍ക്കാര്‍ ബി.ജെ.പി നേതാക്കളെ തടയുകയാണ്. തൃണമൂല്‍ ഭയന്നതിന്റെ സൂചനയാണ് ഇതെന്നും മോദി പറഞ്ഞു. ബംഗാളിലെ മായാനഗുരിയില്‍ ദേശീയപാത 31ഡി വിഭാഗം നവീകരണ പ്രവര്‍ത്തികള്‍ തറക്കല്ലിട്ട് നടത്തിയ പ്രസംഗത്തിലാണ് മോദി മമതയ്‌ക്കെതിരെ കടന്നാക്രമണം നടത്തിയത്.

അതിനിടെ തനിക്കൊപ്പം ധര്‍ണയിരുന്നുവെന്നാരോപിച്ചു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് മെഡലുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുത്താല്‍ പകരം അവര്‍ക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ ബഹുമതി നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. കേന്ദ്രവുമായുള്ള പോരാട്ടത്തില്‍ ഒരയവുമില്ലെന്നു വ്യക്തമാക്കിയാണ് മമത, സംസ്ഥാനത്തെ ഏറ്റവും വലിയ ബഹുമതിയായ ‘ബംഗഭിഭൂഷണ്‍’ ഉദ്യോഗസ്ഥര്‍ക്കു നല്‍കുമെന്നു വ്യക്തമാക്കിയത്.

കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്കു മുന്നില്‍ ശനിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകും. ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച സംഭവുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. മേഘാലയയിലെ ഷില്ലോംഗിലാണ് രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനു ഹാജരാകുന്നത്.

രാജീവ് കുമാറിനെ ശനിയാഴ്ച സി.ബി.ഐ ചോദ്യം ചെയ്യാനിരിക്കെ സി.ബി.ഐ. ഇടക്കാല ഡയറക്ടറായിരുന്ന എം. നാഗേശ്വര റാവുമായി ബന്ധപ്പെട്ട രണ്ട് കമ്പനികളില്‍ കൊല്‍ക്കത്ത പോലീസിന്റെ റെയ്ഡ്. റാവുവിന്റെ ഭാര്യയുടെ കമ്പനി എയ്ഞ്ചല മെര്‍ക്കന്‍ഡൈല്‍സ് പ്രൈവറ്റ് ലിമിറ്റഡിലും മറ്റൊരിടത്തുമാണ് പരിശോധന നടത്തിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ റാവുവിന്റെ ഭാര്യയുടെ കമ്പനിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.