1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2015

സത്യത്തില്‍ ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നത് ഒരു ജീവന്‍മരണ പോരാട്ടമാണ്. ഏതാണ്ട് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പൊതുജനം കരുതപ്പെടുന്ന ബാര്‍ക്കോഴ വിവാദം ഇപ്പോള്‍ മന്ത്രിസഭ തന്നെ മറിച്ചിടുന്ന മട്ടില്‍ ഉഗ്രരൂപം പ്രാപിച്ചു കഴിഞ്ഞു. എല്‍ഡിഎഫിലേക്കുള്ള മാണിയുടെ പോക്കിനെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ബാര്‍ക്കോഴ വിവാദം പുറത്തുവന്നതെന്നതായിരുന്നു ആദ്യ വാര്‍ത്തകള്‍. മാണിയുടെ പ്രതിച്ഛായ നശിപ്പിച്ച് എക്കാലവും യുഡിഎഫിന്റെ ഭാഗമാക്കി നിര്‍ത്തുക എന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഗൂഡതന്ത്രമെന്നും വിലയിരുത്തപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു. പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി ബിജു രമേശ് രംഗത്തെത്തുകയാണ്. മാണി ചോദിച്ചത് 30 കോടിയാണെന്നും വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്നുമുള്ള രമേശിന്റെ ആരോപണങ്ങളില്‍നിന്ന് അത്ര പെട്ടെന്ന് മാണിക്കോ മന്ത്രിസഭയ്‌ക്കോ മാറി നില്‍ക്കാനാവില്ല.

മാണിക്ക് ചുറ്റും ഉയര്‍ന്ന പുകമറ ശക്തമാക്കിയാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി ബിജു രമേശ് രംഗത്തെത്തിയത്. കൈക്കൂലി എണ്ണിത്തിട്ടപ്പെടുത്താന്‍ പാലായിലെ മാണിയുടെ വസതിയില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്ന് ഉള്‍പ്പെടെയുള്ള ബിജു രമേശിന്റെ ആരോപണങ്ങള്‍ അടങ്ങുന്ന ശബ്ദരേഖ പകര്‍ത്തിയ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് കൂടുതല്‍ അന്വേഷണത്തിനായി നിര്‍ദ്ദേശം നല്‍കി. വേണ്ടിവന്നാല്‍ മാണിയെ വീണ്ടും ചോദ്യം ചെയ്യാനും നിര്‍ദ്ദേശിച്ചു.

30 കോടി രൂപ മാണിക്കു നല്‍കാന്‍, ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചൈന സുനില്‍ അഞ്ചുകോടി രൂപ നല്‍കാമെന്നു പറഞ്ഞതായി ശബ്ദരേഖയിലുണ്ട്. ബാര്‍ അസോസിയേഷന്‍ നേതാവ് അനിമോന്റേതാണു ശബ്ദം. അനിമോന്‍ നേരത്തേ മാണിക്കനുകൂലമായി നിലപാടെടുത്തിരുന്നു. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതിനു വേണ്ടിയാണു മാണി ആവശ്യപ്പെട്ടതനുസരിച്ചു 30 കോടി വാഗ്ദാനം ചെയ്തത്. 312 ബാറുകളും തുറക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് അഞ്ചുകോടി രൂപയുമായി അനിമോന്‍ മാണിയെക്കണ്ടു.

രണ്ടുകോടി രൂപ നെടുമ്പാശ്ശേരിയില്‍ മാണിക്കു കൈമാറി. എലഗന്റ്‌സ് ബിനോയി, ജോമോന്‍ എന്നിവര്‍ക്കും ഇക്കാര്യം അറിയാം. ആദ്യം പൂട്ടിയ 418 ബാറുകള്‍ തുറക്കണമെന്നായിരുന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെ ആവശ്യം. അതിനായാണ് ഒരുകോടി രൂപ മൂന്നു ഗഡുക്കളായി കൊടുത്തത്.

418 ബാറുകള്‍ പൂട്ടിയപ്പോള്‍ ബാക്കിയുള്ള ബാറുകളില്‍ ക്ച്ചവടം കൂടി. ഇതോടെ ബാക്കിയുള്ള ബാറുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ടാണ് ബിനോയ്, അനിമോന്‍, ജോമോന്‍ എന്നിവര്‍ പൂട്ടിയ ബാറുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ട് കോടി രൂപ നല്‍കിയത്. മുഖ്യമന്ത്രി ഇടപെട്ട് എല്ലാ ബാറും അടയ്ക്കുമെന്ന ഘട്ടമായപ്പോള്‍ അനിമോന്റെ നേതൃത്വത്തില്‍ അഞ്ചുകോടി രൂപ കൊടുക്കുകയും ബാക്കി 25 കോടി പിന്നീടു കൊടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. കൊല്ലത്തെ വ്യവസായി സുനില്‍സ്വാമിയില്‍നിന്നു പലിശയ്‌ക്കെടുത്ത പണമാണിതെന്നും അനിമോന്‍ പറഞ്ഞു. കൊച്ചി, പാലാരിവട്ടത്തെ ഹോട്ടലില്‍ കഴിഞ്ഞ ഡിസംബര്‍ 31നു രണ്ടരമണിക്കൂര്‍ നീണ്ട ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റെ 22 മിനിട്ട് ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് ഇന്നലെ ചാനലിലൂടെ ബിജു രമേശ് പുറത്തുവിട്ടത്. ഇത് ഇന്നു വിജിലന്‍സിനു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബാര്‍ക്കോഴ വിവാദത്തില്‍ മാണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സമ്മര്‍ദ്ദം. മുന്നണിയില്‍ നിന്നുകൊണ്ട് നേതാക്കള്‍ക്കെതിരെ അഴിമതിയാരോപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന പൊതുനിലപാടിലാണ് മുന്നണി നേതൃത്വം. ചൊവ്വാഴ്ച യു.ഡി.എഫ്. നേതാക്കള്‍ നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യത്തില്‍ പൊതുധാരണയായത്. 28ന്റെ യോഗത്തിലേക്ക് കേരളാ കോണ്‍ഗ്രസ്സി (ബി) നെ ക്ഷണിക്കില്ല.

ഗണേഷ്‌കുമാര്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ കാര്യം കൂടി പരിഗണിച്ചാണ് പാര്‍ട്ടിയെ യുഡിഎഫില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത്. തനിക്കെതിരെ അഴിമതിയാരോപിക്കുകയും നടപടിക്കായി മുമ്പ് ആരോപണം ഉന്നയിച്ചയാളിനെ പ്രേരിപ്പിക്കുകയും ചെയ്ത ബാലകൃഷ്ണപിള്ളയ്‌ക്കൊപ്പം യു.ഡി.എഫില്‍ പങ്കെടുക്കാന്‍ താനില്ലെന്ന നിലപാട് കെ.എം. മാണി മുന്നണി നേതൃത്വത്തെ അറിയിച്ചു. മാണിയും ബാലകൃഷ്ണപിള്ളയുംകൂടി യു.ഡി.എഫില്‍ വേണ്ടെന്ന നിലപാട് കേരളാ കോണ്‍ഗ്രസ്സുമെടുത്തു.

അതേസമയം ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ നടപടിയെടുക്കുന്ന പക്ഷം പി. സി. ജോര്‍ജിനെതിരെയും നടപടി വേണമെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് നിലപാട് എടുക്കണമെന്നാണ് ആവശ്യം. 28ന്റെ യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയ്ക്ക് വന്നേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.