1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2018

സ്വന്തം ലേഖകന്‍: അച്ഛന്റെ മകള്‍; മത്സര വേദിയില്‍ ഓട്ടോ ഡ്രൈവറായ അച്ഛനെ ചേര്‍ത്തുപിടിച്ച് മിസ് കേരളാ റണ്ണറപ്പായ യുവതി; കണ്ണീരണിഞ്ഞ് മാതാപിതാക്കളും സഹോദരനും ഒപ്പം സമൂഹ മാധ്യമങ്ങളും. മിസ് കേരള 2018 വേദിയിലാണ് വൈകാരികമായ സംഭവവികാസങ്ങള്‍. മിസ് കേരള റണ്ണറപ്പ് കിരീടം പാലക്കാട് സ്വദേശിനിയായ വിബിത വിജയന്‍ സ്വന്തമാക്കുമ്പോഴായിരുന്നു പിതാവ് വിജയന്‍ അഭിമാനം കൊണ്ട് വിതുമ്പിയത്.

അന്നോളം കടന്നുപോയ കയ്‌പേറിയ അനുഭവങ്ങളെയെല്ലാം വരവുവെച്ച് പ്രൗഢ ഗംഭീരമായ സദസ്സിന് മുന്നില്‍ നിന്ന് വിബിത അച്ഛനെക്കുറിച്ച് പറഞ്ഞു. അച്ഛനും അമ്മയും സഹോദരനും മിസ് കേരള വേദിയില്‍ അഭിനന്ദിക്കാനെത്തിയ ചിത്രങ്ങള്‍ സഹിതം വിബിതയിട്ട ഫേസ്ബുക്ക് പോസ്റ്റുകളും ഇതിനോടകം വൈറലാകുകയും ചെയ്തു.

പാലക്കാട് ചിറക്കാട്ട് ഓട്ടോ ഡ്രൈവറാണ് അച്ഛന്‍ വിജയന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് വിബിതയുള്‍പ്പെടെയുള്ള മൂന്ന് മക്കളെയും വിജയന്‍ വളര്‍ത്തിയത്. മക്കളുടെ ഒരാഗ്രഹവും നടക്കാതെ പോകരുതെന്ന് വാശി പിടിച്ച ഒരച്ഛന്‍. സ്വപ്‌നം കാണാന്‍ പഠിപ്പിച്ചതും പറന്നുയരാന്‍ ചിറകുകള്‍ പിടിപ്പിച്ചു തന്നതും ആ അച്ഛനാണ്. ജീവിതത്തില്‍ പല ഘട്ടങ്ങളിലും തളര്‍ന്നുപോയി, സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫീസ് നല്‍കാന്‍ പണമില്ലാഞ്ഞതിനെ തുടര്‍ന്ന് വിബിത ഒരു വര്‍ഷം പഠിക്കാന്‍ പോയില്ല. എങ്കിലും കൂടുതല്‍ സമയം ജോലി ചെയ്ത് ഇതിനെല്ലാമുള്ള വരുമാനം വിജയന്‍ കണ്ടെത്തി.

മൂന്ന് മക്കളെയും മാന്യമായി പഠിപ്പിച്ചു. വിബിതയിപ്പോള്‍ ഈറോഡ് സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഉദ്യോഗസ്ഥയാണ്. സഹോദരന്‍ എയര്‍ഫോഴ്‌സിലാണ്. അനുജത്തി പഠിക്കുകയാണ്. എല്ലാത്തിനും പിന്തുണയുമായി ഭാര്യയുമുണ്ട് വിജയനൊപ്പം. വിജയ കിരീടം ചൂടിയ നിമിഷങ്ങളില്‍ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ വിബിത പറഞ്ഞ വാക്കുകള്‍ കേട്ടാണ് അവതാരകര്‍ വിജയനെയും കുടുംബത്തെയും വേദിയിലേക്ക് വിളിച്ചത്. നിറഞ്ഞ ചിരിയോട് വിബിത സദസ്സിലുള്ളവര്‍ക്ക് ചൂണ്ടിക്കാട്ടി.

‘ഇതാണെന്റെ അച്ഛന്,’ മകളെ ചേര്‍ത്തുപിടിച്ചുള്ള വിതുമ്പലായിരുന്നു വിജയന്റെ മറുപടി. അനിയത്തിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച സഹോദരനെന്ന അടിക്കുറിപ്പുമായാണ് സഹോദരനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം വിബിത ഫേസ്ബുക്കില്‍ പങ്കുവച്ചത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.