1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2019

സ്വന്തം ലേഖകന്‍: ക്ഷേത്രദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഗുരുവായൂരിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും സമയം കണ്ടെത്തി. ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ 450 കോടിയുടെ വികസനപദ്ധതികളാണ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ സാധിക്കുന്ന സഹായങ്ങള്‍ ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പും നല്‍കി.

കാര്യപരിപാടിയില്‍ ഇല്ലാതിരുന്നിട്ടും ക്ഷേത്രനഗരിയുടെ വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി 10 മിനിറ്റോളം നീക്കിവച്ചു. ശ്രീവത്സം ഗസ്റ്റ് ഹൗസിന്റെ രണ്ടാം സ്യൂട്ട് റൂമിലായിരുന്നു ചര്‍ച്ച. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കൈലാസനാഥനും ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തെ നിശ്ചയിക്കാത്ത പരിപാടി ആയിരുന്നതിനാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്ഥലത്തുണ്ടായിട്ടും ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല.

പൈതൃകനഗരിയാക്കി മാറ്റുന്നതിന് 100 കോടി, ഗോശാല വികസനത്തിന് 300 കോടി, പുന്നത്തൂര്‍ക്കോട്ട പൈതൃകരീതിയില്‍ നവീകരിച്ചുകൊണ്ട് ആനക്കോട്ടയുടെ വികസനത്തിന് 50 കോടി എന്നിങ്ങനെയാണ് വികസനപദ്ധതികള്‍. ബൃഹസ്പതിയും വായുഭഗവാനും ചേര്‍ന്നു പ്രതിഷ്ഠ നടത്തിയതു വഴി ഗുരുവായൂര്‍ എന്ന പേരു സിദ്ധിച്ചുവെന്ന പുരാണകഥയെ അനുസ്മരിപ്പിക്കുന്ന പ്രതിമ ഉള്‍പ്പെടെ സ്ഥാപിക്കാനാണ് പൈതൃകനഗര വികസനപദ്ധതിയില്‍ ഉദ്ദേശിക്കുന്നത്.

ക്ഷേത്രത്തിന്റെ ചുറ്റുമതിലുകളും മറ്റും കരിങ്കല്‍ പാകും. സ്റ്റീല്‍ കൊണ്ടുള്ളതടക്കം പുതിയ രീതിയില്‍ സ്ഥാപിച്ച നിര്‍മാണപ്രവൃത്തികള്‍ ഒഴിവാക്കും. മലപ്പുറം വേങ്ങാട്ട് ആയിരത്തിലേറെ പശുക്കളുള്ള ഗോശാലയുടെ വികസനത്തിനാണ് 300 കോടിയുടെ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. ആനക്കോട്ട വികസനത്തിന് 50 കോടിയുടെ പദ്ധതിയും സമര്‍പ്പിച്ചു.

ഇതിനു പുറമെ, റെയില്‍വേ വികസനത്തിനാവശ്യമായ നിര്‍ദേശങ്ങളും ദേവസ്വം കൈമാറി. റെയില്‍വേ ടെര്‍മിനല്‍ പോയിന്റ് എന്നതു മാറ്റി ലിങ്ക് ലൈന്‍ ആക്കി താനൂര്‍ക്കോ തിരുനാവായയ്‌ക്കോ നീട്ടുക, പാത ഇരട്ടിപ്പിക്കുക, രണ്ട് പ്ലാറ്റ് ഫോം ഉള്ളത് ആറാക്കി വികസിപ്പിക്കുക, തൃശ്ശൂരില്‍നിന്ന് മെമു സര്‍വീസ് തുടങ്ങുക, പഴനി, രാമേശ്വരം, കാശി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് ഗുരുവായൂരില്‍നിന്ന് സര്‍വീസ് ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചു.

അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, പി. ഗോപിനാഥന്‍, എം. വിജയന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.കെ. രാമചന്ദ്രന്‍ എന്നിവരാണ് ദേവസ്വത്തെ പ്രതിനിധാനം ചെയ്ത് ചര്‍ച്ചയില്‍ പങ്കെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.