1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2019

സ്വന്തം ലേഖകന്‍: റഫാല്‍ കരാറില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വച്ചത് മോശം വ്യവസ്ഥകള്‍; തെളിവുകള്‍ പുറത്തുവിട്ട് ‘ദി ഹിന്ദു’; മോദി ചാരനും ഇടനിലക്കാരനുമാണെന്ന് രാഹുല്‍ ഗാന്ധി; റഫാല്‍ വിവാദത്തില്‍ ദുരൂഹതയേറുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദസ്സോ കമ്പനി മുന്നോട്ട് വച്ച കരാറിനെക്കാള്‍ മോശം വ്യവസ്ഥകളാണ് മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിലേതെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

റഫാല്‍ കരാറിന് മുന്നോടിയായി ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ദസ്സോയുമായി ചര്‍ച്ച നടത്തിയ ഏഴ് ഉദ്യോഗസ്ഥരില്‍ മൂന്നു പേര്‍ വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ച് എഴുതിയ കുറിപ്പുകളാണ് ഹിന്ദു പുറത്തുവിട്ടത്.  അന്തിമകരാറില്‍ ഒപ്പിടുന്നതിന് മൂന്നു മാസം മുമ്പ് എഴുതിയ എട്ട് പേജുള്ള കുറിപ്പാണ് ദി ഹിന്ദു പുറത്തുവിട്ടത്. ഇന്ത്യന്‍ സംഘത്തിലെ ഉപദേഷ്ടാവ് എം.പി സിങ്, ധനകാര്യ മാനേജര്‍ എ ആര്‍ സുലേ, ജോയിന്റ് സെക്രട്ടറിയും അക്വിസിഷന്‍ മാനേജറുമായ രാജീവ് വര്‍മ എന്നിവരാണ് വ്യവസ്ഥകള്‍ മാറ്റുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങളാണ് ദസ്സോയുമായി ചേര്‍ന്ന് നിര്‍മ്മിക്കാന്‍ ഏദേശ ധാരണയായത്. ഇതില്‍ 18 വിമാനങ്ങള്‍ ദസ്സോ കൈമാറുകയും ശേഷിക്കുന്നവ എച്ച്എഎല്ലുമായി ചേര്‍ന്ന് നിര്‍മ്മിക്കാനുമായിരുന്നു പദ്ധതി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കരാര്‍ അടിമുടി മാറ്റുകയും എച്ച്എഎല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഓഫ്‌സെറ്റ് പങ്കാളിയാകുകയും വിമാനത്തിന്റെ എണ്ണം 36 ആയി ചുരുങ്ങുകയും ചെയ്തു. 36 വിമാനമായപ്പോഴും മുന്‍കരാറിനെ അപേക്ഷിച്ച് വിലയും കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പൂര്‍ണസജ്ജമായ വിമാനങ്ങളാണ് നല്‍കുന്നതെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് വേഗത്തില്‍ ഇവ ലഭ്യമാകുമെന്നുമായിരുന്നു എണ്ണം കുറച്ചതില്‍ ഈ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ പഴയ കരാറില്‍ 18 വിമാനം ഇന്ത്യക്ക് കൈമാറാമെന്ന് ധാരണയിലെത്തിയ കാലപരിധിയെ അപേക്ഷിച്ച് പുതിയ കരാര്‍ അനുസരിച്ച് വിമാനം ലഭിക്കാന്‍ സമയപരിധി കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതിനിടെ റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും ചാരനുമാണെന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ അനില്‍ അംബാനിക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. ഇത് തെളിയിക്കാന്‍ എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശവും രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.

2015 മാര്‍ച്ച് അവസാനവാരമാണ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഏപ്രില്‍ 9 മുതല്‍ 11 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുന്നുണ്ടെന്ന പ്രഖ്യാപനം പുറത്ത് വന്നതിന് ശേഷമായിരുന്നു ഇത്. റഫാല്‍ ഇടപാടിന്റെ അന്തിമ രൂപം തയ്യാറായി കരാര്‍ ഒപ്പു വെയ്‌പ്പെടുമെന്ന് നേരത്തേ അനില്‍ അംബാനി അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ അനില്‍ അംബാനി നേരത്തേ ഫ്രഞ്ച് ഉദ്യോഗസ്ഥരെ കാണാന്‍ പോയത്? അങ്ങനെയെങ്കില്‍ അത്തരം വിവരങ്ങള്‍ അനില്‍ അംബാനിക്ക് എവിടെ നിന്ന് കിട്ടി? മോദി ഇത്തരം വിവരങ്ങള്‍ അംബാനിക്ക് ചോര്‍ത്തി നല്‍കുകയായിരുന്നോ? രാഹുല്‍ ഗാന്ധി ചോദിച്ചു.

റഫാല്‍ ഇടപാട് സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. വിമാനങ്ങളുടെ വില വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. സി.എ.ജി റിപ്പോര്‍ട്ടിനെ വില കല്‍പിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.