1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2016

സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണം സംഘടിപ്പിച്ചത് പാക് ചാര സംഘടന ഐഎസ്‌ഐ ആണെന്ന് അമേരിക്കന്‍ ഭീകര്‍ന്‍ ഡേവിഡ് ഹെഡ്‌ലി. അമേരിക്കന്‍ തടവിലുള്ള പാക് അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ചോദ്യം ചെയ്യലിനിടെ മുംബൈ ഭീകരാക്രമണത്തിന് പിന്നിലുള്ള പാകിസ്ഥാന്റെ പങ്ക് സമ്മതിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.

ഡല്‍ഹിയില്‍ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതി, ഇന്ത്യാഗേറ്റ്, സിബിഐ ഓഫീസ് എന്നിവിടങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായും ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന നടത്തിയ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ഐഎസ്‌ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ലഷ്‌കര്‍ ഭീകരരുമായി ചേര്‍ന്ന് മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്.

പണം ഉള്‍പ്പെടെ ആവശ്യമുള്ള എല്ലാ സഹായങ്ങളും ഐഎസ്‌ഐയുടെ ഭാഗത്തുനിന്നുമുണ്ടായി. ലഷ്‌കര്‍ തലവന്‍ ഹാഫിസ് സെയ്ദ് എല്ലാത്തിനും മേല്‍നോട്ടം വഹിച്ചു. ഐഎസ്‌ഐയില്‍ മേജര്‍മാരായ സമീര്‍ അലിയും ഇഖ്ബാലുമാണ് തന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. 2008 ഭീകരാക്രമണത്തിനുമുമ്പും ശേഷവും ഐഎസ്‌ഐ ഡയറക്ടര്‍ജനറലായിരുന്ന ലഫ്. ജനറല്‍ അഹമ്മദ് ഷുജാ പാഷ ലഷ്‌കര്‍ ഭീകരന്‍ സാകി ഉര്‍ റഹ്മാന്‍ ലഖ്വിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ഹെഡ്‌ലി വെളിപ്പെടുത്തി.

മുംബൈ ഭീകരാക്രമണക്കേസില്‍ മാപ്പുസാക്ഷിയാകാമെന്ന് സമ്മതിച്ച ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി തിങ്കളാഴ്ച പ്രത്യേക കോടതി മുമ്പാകെ മൊഴി നല്‍കുമെന്ന് സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം അറിയിച്ചു. വീഡിയോ കോണ്‍ഫറസന്‍സിങ് വഴിയാകും മൊഴി കൊടുക്കുക. വിദേശത്തുനിന്ന് ഇന്ത്യയിലെ കോടതി മുമ്പാകെ മൊഴി കൊടുക്കുന്ന ആദ്യ വ്യക്തിയാകും ഇതോടെ ഹെഡ്‌ലി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.