1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2015

സ്വന്തം ലേഖകന്‍: നേപ്പാളിനെ നിലമ്പരിശാക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,500 കവിഞ്ഞു. എകദേശം ആറായിരം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അവശിഷ്ടിങ്ങള്‍ക്കിടയില്‍ ഇനിയും ധാരാളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് സൂചന.

ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ 66 ആയി ഉയര്‍ന്നു. ഇന്ത്യന്‍ വ്യോമസേന ദുരിതബാധിത പ്രദേശങ്ങളില്‍ സജീവമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്നലെ ആറു വ്യോമസേനാ വിമാനങ്ങളില്ലായി 1050 ഇന്ത്യക്കാരെ നേപ്പാള്‍ താഴ്വരയില്‍ നിന്ന് തിരികെയെത്തിച്ചു.

അതേസമയം താഴ്വരയില്‍ ഇന്നലെ 13 തുടര്‍ചലനങ്ങളുണ്ടായി. ഇവയില്‍ രണ്ടെണ്ണം ശക്തമായിരുന്നു. തുടര്‍ചലന ഭീതിയില്‍ ജനങ്ങള്‍ തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി കഴിച്ചുകൂട്ടുന്നത്. 6.7, 6.5 വരെ തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടര്‍ചലനങ്ങള്‍ അതിശക്തമായിരുന്നു. ഒപ്പം കനത്ത മഴ പെയ്യാന്‍ തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

തുടര്‍ചലനങ്ങളില്‍ ചിലത് ഇന്ത്യയിലും അനുഭവപ്പെട്ടു. എവറസ്റ്റില്‍ ഇന്നലെ വീണ്ടും ഹിമപാതമുണ്ടായി. കഴിഞ്ഞ ദിവസമുണ്ടായ ഹിമപാതത്തില്‍ 22 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. എവറസ്റ്റ് ബേസ് ക്യാംപിനു സമീപമുണ്ടായ ഹിമപാതത്തില്‍ 217 പേരെ കാണാതായി. വിദേശികള്‍ അടക്കമുള്ള നൂറുകണക്കിനു പര്‍വതാരോഹകര്‍ എവറസ്റ്റ് ബേസ് ക്യാംപില്‍ കുടുങ്ങിയിരിക്കുകയാണ്.

നേപ്പാളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ നടത്തുന്ന ഓപ്പറേഷന്‍ മൈത്രി രക്ഷാപ്രവര്‍ത്തനത്തിന് നേപ്പാള്‍ സര്‍ക്കാര്‍ നന്ദി അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യ വളരെ വേഗം തന്നെ സഹായത്തിന് എത്തുകയും 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തതായി രാജ്യത്തെ നേപ്പാള്‍ സ്ഥാനപതി ദീപ്കുമാര്‍ ഉപധ്യായ പറഞ്ഞു. ഇതിന് ഇന്ത്യയോട് അഗാധമായ നന്ദിയുണ്ട്.

ഖത്തറില്‍ നിന്നു ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായവുമായി രണ്ടു വിമാനങ്ങള്‍ ഇന്നലെ നേപ്പാളിലെത്തി. ഇന്നും രണ്ടു വിമാനങ്ങള്‍ എത്തും. ഖത്തര്‍ റെഡ് ക്രസന്റ് ഉള്‍പ്പെടെ സന്നദ്ധ സംഘടനകളും സഹായവുമായി രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.