1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2015

സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരണം 1,500 കവിഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കഠ്മണ്ഡുവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ലാം ജംഗിലാണ്. രാവിലെ 11:41 നു ഉണ്ടായ ഭൂകമ്പം ഒരു മിനിറ്റ് നീണ്ടുനിന്നു. ഇതിനു പിന്നാലെ, കഠ്മണ്ഡുവില്‍ നിന്ന് 1100 കിലോമീറ്റര്‍ അകലെയുള്ള ന്യൂഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലും ടിബറ്റിലും ബംഗ്ലദേശിലുമായി 18 തുടര്‍ചലനങ്ങളുണ്ടായി. തുടര്‍ചലനങ്ങളുടെ തീവ്രത 6.6 വരെയാണ് രേഖപ്പെടുത്തിയത്.

ആയിരത്തിലേറെ ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിയതായാണു വിവരം. രാജ്യത്ത് പ്രസിഡന്റ് റാം ബരണ്‍ യാദവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ കഠ്മണ്ഡുവില്‍ ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. വൈദ്യുതി വിതരണം നിലക്കുകയും, കെട്ടിടങ്ങള്‍ നിലംപൊത്തുകയും ചെയ്തിട്ടുണ്ട്. റോഡുകളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളം അടച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാള്‍ പ്രസിഡന്റ് റാം ബരണ്‍ യാദവുമായും പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വ്യോമസേന രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

ഇന്നലെ മാത്രം ഇന്ത്യ നാലു വിമാനങ്ങള്‍ നേപ്പാളിലേക്കയച്ചു. ഇന്ത്യന്‍ ദുരന്ത പ്രതികരണ സേന കഠ്മണ്ഡുവിലെത്തിയിട്ടുണ്ട്. കഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ ആരംഭിച്ചു. ഇന്ത്യക്കാരേയും വഹിച്ചുള്ള ആദ്യ വിമാനം ഇന്നലെ ഡല്‍ഹിയിലെത്തി.

ഭൂകമ്പത്തില്‍ കഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കെട്ടിടത്തിനു കേടുപാട് സംഭവിച്ചു. എംബസി ജീവനക്കാരനായ നേപ്പാള്‍ സ്വദേശിയുടെ മകള്‍ മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതിനിടെ പ്രകമ്പനം മൂലം എവറസ്റ്റ് കൊടുമുടിയിലുണ്ടായ വന്‍ ഹിമപാതത്തില്‍ 18 പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ കരസേന കണ്ടെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.