1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2019

സ്വന്തം ലേഖകന്‍: ന്യൂസീലാന്‍ഡ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതിനിടെ എംപിയുടെ കുഞ്ഞിനെ പരിചരിച്ച് സ്പീക്കര്‍. ട്വിറ്ററിലൂടെയാണ് ഈ അപൂര്‍വ്വ നിമിഷത്തിന്റെ ചിത്രം സ്പീക്കര്‍ ട്രെവോര്‍ മല്ലാര്‍ഡ് പങ്കുവെച്ചത്. സഭയില്‍ വെച്ച് കുഞ്ഞിന് കുപ്പിപാല്‍ കൊടുക്കുന്ന ചിത്രം ലോകമെങ്ങുമുള്ള ജനങ്ങള്‍ വന്‍ ആവേശത്തോടെയാണ് വരവേറ്റത്. പുരുഷ എംപിയായ ടമാറ്റി കഫേയുടെ കുഞ്ഞിനെയാണ് സഭാ ചര്‍ച്ചക്കിടെ സ്പീക്കര്‍ പാലുകൊടുത്ത് പരിചരിച്ചത്.

‘സാധാരണയായി സ്പീക്കറുടെ കസേരയില്‍ അധ്യക്ഷത വഹിക്കുന്നവര്‍ മാത്രമേ ഇരിക്കാറുള്ളൂ. പക്ഷെ ഇന്ന് ഒരു വിഐപി ഈ കസേര എനിക്കൊപ്പം പങ്കുവെച്ചു. കുടുംബത്തിലേക്ക് പുതിയ അംഗം വന്നിരിക്കുകയാണ്. ടമാറ്റി കഫേക്കും ടിമ്മിനും ആശംസകള്‍’, എന്നാണ് സ്പീക്കര്‍ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തത്.

ടിംസ്മിത്തിനും കഫേക്കും ജൂലൈയിലാണ് ടുടനേകായ് സമിത്ത് കാഫേ ജനിക്കുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞിന്റെ ജനനം. പിതാവിനുള്ള പ്രസവ ശുശൂശ്ര അവധിയില്‍ നിന്ന് കഫേ പാര്‍ലമെന്റില്‍ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെയാണ് ഈ സംഭവത്തിന് സഭ സാക്ഷ്യം വഹിച്ചത്. ടമാറ്റി കൊഫേക്ക് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതുള്ളത് കൊണ്ടാണ് സ്പീക്കര്‍ കുഞ്ഞിനെ പരിചരിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.

ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ജനപ്രതിനിധികള്‍ പാര്‍ലമെന്റില്‍ കുഞ്ഞുങ്ങളെയുമേന്തി വരുന്നത് വിപ്ലവകരമായ മാറ്റമായാണ് ലോകം ഉറ്റുനോക്കിയത്. ഇതുവരെ അമ്മമാരായ ജനപ്രതിനിധികളായിരുന്നു കുഞ്ഞുങ്ങളെ കൊണ്ടുവന്നതെങ്കില്‍ ഇത്തവണ അച്ഛനാണ് കുഞ്ഞിനെയും കൊണ്ട് സഭയിലെത്തിയതെന്ന പ്രത്യേകതയുണ്ട്. കുഞ്ഞിനെ പരിചരിക്കേണ്ടത് അമ്മയുടെ മാത്രം ദൗത്യമല്ല എന്ന വലിയ സന്ദേശമാണ് ഈ പ്രവൃത്തിയിലൂടെ ടമാറ്റി ലോകത്തിന് നല്‍കിയിരിക്കുന്നത് എന്നാണ് സമൂഹ മാധ്യമങ്ങള്‍ വാഴ്ത്തുന്നത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല