1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2018

സ്വന്തം ലേഖകന്‍: കോഴിക്കോട്ടും മലപ്പുറത്തുമായി പകര്‍ച്ചപ്പനി ബാധിച്ചുള്ള മരണം പത്തായി; ഒരാള്‍ക്കുകൂടി നിപാ വൈറസ് ബാധിച്ചതായി സ്ഥിരീകരണം; വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര സംഘം. ചികിത്സയിലായിരിക്കുന്ന ഒരാളില്‍ക്കൂടി നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും, സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് സ്ഥിരീകരണമുണ്ടായത്.

മരിച്ച സാലിഹിനേയും സാബിത്തിനേയും ആദ്യ ഘട്ടത്തില്‍ പരിചരിച്ച വടകര സ്വദേശിയായ നഴ്‌സ് ലിനിയും മരണപ്പെട്ടിരുന്നു. ഇതിനിടെ മരിച്ച സഹോദരങ്ങളെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പരിചരിച്ച ഷിജി, ജിഷ്ണ എന്നീ നഴ്‌സുമാര്‍ക്ക് പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്.

എന്നാല്‍ ഇവര്‍ക്ക് നിപ്പ വൈറസ് ബാധയുണ്ടായിട്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അപ്പപ്പോള്‍ അവലോകനം ചെയ്ത് നടപടി സ്വീകരിച്ചു വരുന്നുമുണ്ട്.

ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ എടുത്ത് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായിവിജയും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതിനിടെ നിപാ വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര രോഗ നിവാരണ സംഘം. വളര്‍ത്തുമൃഗങ്ങളുമായും രോഗബാധിതരുമായും അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം എന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കി. മരിച്ചവരില്‍ നാല് പേരുടെ മരണം നിപാ വൈറസ് മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

പേരാമ്പ്രയിലെ നിപാ വൈറസ് ബാധ വവ്വാലുകളില്‍ നിന്നാണ് പകരുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സംശയിക്കുന്നതുപോലെ കേന്ദ്ര രോഗ നിവാരണ സംഘവും സംശയിക്കുന്നുണ്ട്. എന്നാല്‍ വൈറസ് വാഹകരില്‍ മുയലുകള്‍ അടക്കമുള്ള വളര്‍ത്തു മൃഗങ്ങളും ഉള്‍പ്പെടും എന്ന നിഗമനത്തിലാണ് കേന്ദ്ര സംഘം. രോഗബാധിതരായ വവ്വാലുകള്‍ അടക്കമുള്ള മറ്റ് ജന്തുക്കളുടെയും മൂത്രമടക്കമുള്ള സ്രവങ്ങള്‍ വായുവിലൂടെയും രോഗം പകര്‍ത്തും. ഒരു മീറ്റര്‍ പരിധിവരെ രോഗം വായുവിലൂടെ പകരാം. നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.