1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2017

സ്വന്തം ലേഖകന്‍: സ്വദേശിവത്കരണത്തില്‍ സൗദിയുടെ പാതയില്‍ കുവൈറ്റും, 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ തിരിച്ചയക്കുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചു വിടാന്‍ തയ്യാറെടുക്കുന്നത്. ഇതിനായി ജോലിയില്‍ നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ 140 ഓളം ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കിയതായാണ് സൂചന. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ ആശങ്കയിലാണ്. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഇനിയുള്ള നിയമനങ്ങളിലും വിദേശികളെ പരിഗണിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ളവരില്‍ ആവശ്യത്തിന് യോഗ്യത ഇല്ലാത്തവരെയും അധികമുള്ളവരെയും ഉടന്‍ പിരിച്ചുവിട്ടേക്കും.

ഇതോടൊപ്പം നിലവിലെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അത് പുതുക്കി നല്‍കേണ്ടെന്നും തീരുമാനമായിട്ടുണ്ട്. പിരിച്ചുവിടലിന് മുന്നോടിയായി ബോണസുകള്‍, അലവന്‍സുകള്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ആവശ്യത്തിലേറ പ്രവാസി തൊഴിലാളികളാണ് മുന്‍സിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.

മുപ്പതു വയസില്‍ താഴെയുള്ള വിദേശികള്‍ക്ക് ജോലി നിയമനം നല്‍കുന്നത് നിരോധിക്കാന്‍ ആലോചന നടക്കുന്നതായി പബ്ലിക് അഥോറിറ്റി ഓഫ് മാന്‍പവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് അടുത്താഴ്ച ചോരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വിദേശ തൊഴിലാളികളുടെ നിയമനം സംബന്ധിച്ചും ഇവരുടെ പ്രായം സംബന്ധിച്ചും ഈ യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.