1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2019

സ്വന്തം ലേഖകന്‍: മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് പൂട്ടിട്ട് ഹൈക്കോടതി; ഹര്‍ത്താല്‍ ഏഴു ദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഇടക്കാല ഉത്തരവ്; നാശനഷ്ടങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും പണം ഈടാക്കും; സ്വകാര്യസ്വത്ത് നശിപ്പിച്ചാല്‍ ജീവപര്യന്തം തടവും പിഴയും ലഭിക്കുന്ന നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍. മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച ഹൈക്കോടതി ഏഴുദിവസം മുമ്പ് ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു.

സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതിന് പണം ഈടാക്കും. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ഹൈക്കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താല്‍ തുടര്‍ക്കഥയാകുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലിലെ അക്രമങ്ങള്‍ ഗൗരവമേറിയ വിഷയമാണ്. വെറും തമാശപോലെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ വരുന്നത്. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ മറ്റുളളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി.

അതിനിടെ ഹര്‍ത്താലിന്റെ പേരില്‍ സ്വകാര്യസ്വത്തു നശിപ്പിച്ചാല്‍ ജീവപര്യന്തം തടവും പിഴയും വ്യവസ്ഥചെയ്യുന്ന നിയമം കൊണ്ടുവരാന്‍ ‘കേരള പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്‍ഡ് പേമെന്റ് ഓഫ് കോമ്പന്‍സേഷന്‍ ഓര്‍ഡിനന്‍സ് 2019’ എന്ന പേരില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ നിയമം നിലവില്‍വരും.

രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളും മറ്റു ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വര്‍ഗീയസംഘര്‍ഷം, ഹര്‍ത്താല്‍, ബന്ദ്, പ്രതിഷേധപ്രകടനം, റോഡ് ഉപരോധം തുടങ്ങിയവയുടെ ഭാഗമായി സ്വകാര്യ സ്വത്തിനോ സ്ഥാപനങ്ങള്‍ക്കോ നാശംവരുത്തുന്നവരെ കര്‍ശനമായി നേരിടാനാണ് നിയമനിര്‍മാണം.

സ്വകാര്യസ്വത്ത് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയോ തീവെക്കുകയോ ചെയ്താല്‍ ജീവപര്യന്തമോ കുറഞ്ഞത് 10 വര്‍ഷം വരെയോ തടവും പിഴയും ലഭിക്കാം. സംഘര്‍ഷത്തിന്റെയും ഹര്‍ത്താലിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായി സ്വകാര്യസ്വത്തുക്കള്‍ക്കു നാശമുണ്ടാക്കിയെന്നുതെളിഞ്ഞാല്‍ അഞ്ചുവര്‍ഷംവരെ തടവും പിഴയും വിധിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.