1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2018

സ്വന്തം ലേഖകന്‍: പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ തുടരും; ഏഴു മണിക്കൂറില്‍ 150 ലേറെ ചോദ്യങ്ങള്‍; അറസ്റ്റ് ഉണ്ടാകുമെന്നും സൂചന. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബുധനാഴ്ച ഏഴു മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. അന്വേഷണ സംഘം 150ലേറെ ചോദ്യങ്ങളാണു ബിഷപ്പിനോടു ചോദിച്ചത്. പകുതിയിലേറെ ചോദ്യങ്ങള്‍ക്കും ബിഷപ്പിനു വ്യക്തമായ മറുപടി നല്‍കാനായില്ലെന്നാണ് വിവരം.

ഇനിയുള്ള ചോദ്യംചെയ്യലിലും കൃത്യമായ മറുപടി നല്‍കാനായില്ലെങ്കില്‍ അറസ്റ്റ് അനിവാര്യമായേക്കുമെന്നാണ് പൊലീസ് നിലപാട്. മറ്റു മൊഴികളും തെളിവുകളും കൂടി പരിശോധിച്ചു ചോദ്യംചെയ്യല്‍ തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. രാവിലെ വന്നതുപോലെ നാടകീയമായി തന്നെയായിരുന്നു ബിഷപ്പിന്റെ മടക്കവും. മാധ്യമങ്ങള്‍ക്കു മുഖം നല്‍കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ അന്വേഷണസംഘം ചോദ്യം ചെയ്തതു റിപ്പോര്‍ട്ടു ചെയ്യാന്‍ ദേശീയ മാധ്യമങ്ങളടക്കം വന്‍പടയാണ് എത്തിയത്.

കന്യാസ്ത്രീക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്ക് അടിസ്ഥാനമെന്നാണ് ബിഷപ്പ് ആവര്‍ത്തിച്ചത്. കുറവിലങ്ങാട് മഠത്തില്‍ തങ്ങിയിട്ടില്ലെന്ന മൊഴിയിലും ഉറച്ചുനിന്നു. ചില തെളിവുകള്‍ പൊലീസിനു കൈമാറിയിട്ടുണ്ടെന്നു ബിഷപ്പിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. ബിഷപ്പിന്റെ വിശദീകരണത്തില്‍ അന്വേഷണ സംഘം തൃപ്തരല്ലെന്നാണു സൂചന.

ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ തങ്ങുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.