1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2017

സ്വന്തം ലേഖകന്‍: ഭീകര സംഘടനകള്‍ക്ക് പണമൊഴുക്കി, പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ ശാഖ യുഎസ് അടച്ചുപൂട്ടി. ഭീകരര്‍ക്ക് പണം നല്‍കുന്നുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ആരോപിച്ചാണ് പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഹബീബ് ബാങ്കിന്റെ ശാഖ യു.എസ് അടച്ചുപൂട്ടയത്. 40 വര്‍ഷമായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഹബീബ് ബാങ്ക് അടച്ചുപൂട്ടാന്‍ ബാങ്കിങ് റെഗുലേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ഭീകരപ്രവര്‍ത്തനത്തിനുള്ള പണം, കള്ളപ്പണം വെളുപ്പിക്കല്‍, മറ്റ് അനധികൃത ഇടപാടുകള്‍ തുടങ്ങിയവ ഹബീബ് ബാങ്ക് വഴി നടന്നിട്ടുണ്ടെന്നാണു സംശയം. ഇത്തരം കാര്യങ്ങളില്‍ നിരീക്ഷണം നടത്താന്‍ അവര്‍ പരാജയപ്പെട്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. വിദേശ ബാങ്കുകളെ നിരീക്ഷിക്കുന്ന ഡിപ്പാര്‍ട്മന്റെ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വിസസ് ബാങ്കിനുമേല്‍ 22.5 കോടി ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു.

1978 മുതല്‍ യു.എസില്‍ പ്രവര്‍ത്തിച്ചു വരുകയാണ് ഹബീബ് ബാങ്ക്. അനധികൃത ഇടപാടുകള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി നടപടിക്രമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് 2006ല്‍ അധികൃതര്‍ ഹബീബ് ബാങ്കിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഭീകര സംഘടനയായ അല്‍ഖാഇദയുമായി ബന്ധമുള്ള സൗദി അറേബ്യയിലെ സ്വകാര്യ ബാങ്കായ അല്‍ രാജ്ഹിയുമായി കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ ബാങ്ക് നടത്തിയിട്ടുണ്ട്.

സൂക്ഷ്മ പരിശോധന നടത്താതെ കുറഞ്ഞത് 13,000 ഇടപാടുകള്‍ ബാങ്ക് നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകര പട്ടികയിലുള്ള 154 പേര്‍ ഈ ശാഖയിലൂടെ ഇടപാട് നടത്തിയതായും പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തി. ട്രംപിന്റെ അഫ്ഗാന്‍ നയപ്രഖ്യാപനത്തിനു ശേഷം പാകിസ്താനെതിരെ യുഎസ് ഭരണകൂടം സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് പാക് ബാങ്കിന് പൂട്ടു വീണതെന്നാണ് സൂചന. കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും അധികൃതര്‍ സൂചന നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.