1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2017

 

സ്വന്തം ലേഖകന്‍: മരണത്തിലും മറ്റുള്ളവര്‍ക്ക് ജീവന്റെ തിരിനാളം പകര്‍ന്ന് മാഞ്ചസ്റ്റര്‍ നിവാസി പോള്‍ ജോണ്‍ യാത്രയായി. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സാല്‍ഫോര്‍ഡ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പോള്‍ ജോണ്‍.

പോളിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനമായി പരിശ്രമിച്ചെങ്കിലും മാഞ്ചര്‍സ്റ്റര്‍ മലയാളികളെ കണ്ണീരാലാഴ്ത്തി മരണം പോളിനെ തട്ടിയെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ കുട്ടികളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വരും വഴി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന പോളിനേയും മകളേയും ഒരു കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്ത്രീയെയും കൂടെയുള്ള കൊച്ചു കുട്ടിയേയും ഇടിച്ചു വീഴ്ത്തിയാണ് കാര്‍ നിന്നത്. ഉടനടി സ്ഥലത്തെത്തിയ പോലീസ് എയര്‍ ആംബുലന്‍സില്‍ പോളിനേയും മകളേയും ആശുപത്രിയില്‍ എത്തിക്കുകകയായിരുന്നു.

തലയ്ക്ക് കാര്യമായ ക്ഷതമേറ്റ പോളിന്റെ ജീവന്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ ഒന്‍പത് വയസ്സുകാരി മകള്‍ക്കും സാരമായി പരുക്കേറ്റങ്കിലും അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

കോട്ടയം കൂടല്ലൂര്‍ സ്വദേശിയാണ് 42 കാരനായ പോള്‍. വിഥിന്‍ഷോ ബെഞ്ചില്‍ ഭാര്യ മിനിക്കും മക്കളായ കിംബര്‍ലിക്കും എയ്ഞ്ചലക്കും ഒപ്പമായിരുന്നു താമസം. പോളിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരാനും ആശ്വസിപ്പിക്കാനും മാഞ്ചസ്റ്ററിലെ മലയാളി സമൂഹം പോളിന്റെ ഭാര്യക്കും മക്കള്‍ക്കുമൊപ്പമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.