1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2017

സ്വന്തം ലേഖകന്‍: ട്രംപിനെ വിലയിരുത്താന്‍ സമയമായില്ലെന്ന് മാര്‍പാപ്പ, ട്രംപിന്റെ കുടിറ്റേയ വിരുദ്ധ നിലപാടുകള്‍ക്ക് രൂക്ഷ വിമര്‍ശനം. യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണള്‍ഡ് ട്രംപിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്നും പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ കണ്ടശേഷം പ്രതികരിക്കാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വിവിധ പ്രശ്‌നങ്ങളെ ട്രംപ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു കാത്തിരുന്നു കാണാമെന്നും നേരത്തേതന്നെ ഒരാളെ വിധിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പാനിഷ് ദിനപത്രമായ എല്‍ പായിസിനു നല്‍കിയ അഭിമുഖത്തിലാണു ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാടു വ്യക്തമാക്കിയത്.

രാഷ്ട്രീയ പ്രതിസന്ധികളാണ് ഹിറ്റ്‌ലറെ പോലെയുള്ള ഏകാധിപതികളെ സൃഷ്ടിക്കുന്നതെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരെ തടയാന്‍ മതിലുകളും മുള്ളുവേലികളും നിര്‍മ്മിക്കുമെന്നത് അപലപനീയമാണെന്നും പോപ്പ് പറഞ്ഞു. മെക്‌സിക്കന്‍ അഭയാര്‍ത്ഥികളെ തടയാന്‍ വന്‍മതില്‍ പണിയുമെന്ന ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലെത്തിയാല്‍ മെക്‌സിക്കോയില്‍നിന്നു യുഎസിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഇത്തരം നിലപാടുകളെ മാര്‍പാപ്പ വിമര്‍ശിക്കുകയും ഇത്തരം നിലപാടുള്ളവരെ ക്രിസ്ത്യാനിയായി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.

യൂറോപ്പിലും യുഎസിലും വ്യാപകമാകുന്ന ‘പ്രീണന രാഷ്ട്രീയ’ത്തിനെതിരെയും മാര്‍പാപ്പ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. രാഷ്ട്രീയ അരക്ഷിതാവസ്ഥ അനാവശ്യ ഭയത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കും. യൂറോപ്യന്‍ പ്രീണന രാഷ്ട്രീയത്തിന്റെ ഏറ്റവും കൃത്യമായ ഉദാഹരണം 1933ല്‍ ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയ
സംഭവമാണെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

അതേസമയം, ട്രംപിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് മാര്‍പാപ്പ സന്ദേശം അയച്ചു. അമേരിക്കയുടെ ഭാവി രൂപപ്പെടുത്തുന്നതിന് മൂല്യങ്ങളില്‍ ഊന്നികൊണ്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് പ്രസിഡന്റിന് കഴിയട്ടെ എന്നു സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.