1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2015

സ്വന്തം ലേഖകന്‍: സൈനിക സേവനം മതിയാക്കി മടങ്ങി വരികയാണ് ഹാരി രാജകുമാരന്‍. പത്തു വര്‍ഷത്തെ സേവനത്തിന്റെ ഭാഗമായി രണ്ടു വര്‍ഷം അഫ്ഗാനിസ്ഥാനിലും ഹാരി സേവനമനുഷ്ഠിച്ചിരുന്നു. ജൂണിലാണ് ഹാരിയുടെ സേവനം അവസാനിക്കുന്നത്.

ഏപ്രില്‍ മെയ് മാസങ്ങളില്‍ ആസ്‌ട്രേലിയന്‍ സൈന്യത്തിനോടൊപ്പമുള്ള നാലാഴ്ചത്തെ സൈനിക അഭ്യാസമാണ് ഹാരിയുടെ അവസാന സൈനിക ചുമതല. ഡാര്‍വിന്‍, പെര്‍ത്ത്, സിഡ്‌നി എന്നിവിടങ്ങളിലെ ക്യാമ്പിനു ശേഷം ഒന്നാം ലോകയുദ്ധത്തിലെ ഗല്ലിപൊളി ആക്രമണത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങളിലും സേനാംഗമെന്ന നിലയില്‍ ഹാരി പങ്കെടുക്കും.

സേന വിടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹാരി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സൈനിക സേവനത്തിനു ശേഷമുള്ള ഭാവി തന്നെ ആവേശാം കൊള്ളിക്കുന്നുണ്ടെന്നും ഹാരി കൂട്ടിച്ചേര്‍ത്തു.

സൈനിക സേവന കാലത്തെ സമ്പന്നമായ അനുഭവങ്ങള്‍ക്ക് സൈന്യത്തോട് നന്ദിയുണ്ടെന്ന് ഹാരി പറഞ്ഞു. പ്രത്യേകിച്ച് രണ്ടു വര്‍ഷത്തെ അഫ്ഗാന്‍ അനുഭവങ്ങളും അവിടെ വച്ചു പരിചയപ്പെട്ട വ്യക്തികളും അവിസ്മരണീയമാണ്, ബ്രിട്ടീഷ് കിരീടാവകാശികളില്‍ നാലാം സ്ഥാനത്തുള്ള ഹാരി കൂട്ടിച്ചേര്‍ത്തു.

സാന്‍ഡസ്റ്റ് ഓഫീസേര്‍സ് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഹാരി ഹൗസ്‌ഹോള്‍ഡ് കാവല്‍റിയിലൂടെയാണ് സൈന്യത്തില്‍ പ്രവേശിച്ചത്. അഫ്ഗാനിസ്ഥാനില്‍ രണ്ടു വര്‍ഷം ബാറ്റില്‍ ഫീല്‍ഡ് എയര്‍ കണ്‍ട്രോളറായിരുന്നു ഹാരി. താലിബാന്റെ തുടര്‍ച്ചയായ വധഭീഷണികളെ അതിജീവിച്ച ഹാരി ഹെലികോപ്റ്റര്‍ പൈലറ്റായും ജോലി ചെയ്തു.

സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം ഹാരി ബ്രിട്ടീഷ് സൈന്യത്തിന്റെ റിക്കവറി കപാബിലിറ്റി പ്രോഗ്രാമില്‍ വോളന്റിയറായി ജോലി ചെയ്യുമെന്ന് കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. 1982 ലെ ഫോക്‌ലന്റ് യുദ്ധത്തില്‍ പങ്കെടുത്ത ആന്‍ഡ്രൂ രാജകുമാരനു ശേഷം സൈനിക സേവനത്തിനെത്തിയ ഏക ബ്രിട്ടീഷ് രാജകുടുംബാംഗമാണ് ഹാരി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.