1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2019

സ്വന്തം ലേഖകന്‍: തീരുമാനമെത്തി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും; ദേശീയ രാഷ്ട്രീയത്തില്‍ താരമായി വയനാട്; കേരളത്തില്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ്. ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ട് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക.

കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാല എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനായി നടന്ന വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന ഘടകം ഐക്യകണ്‌ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു.

അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരുസീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അത് വയനാട് സീറ്റാണെന്ന് എ.കെ ആന്റണി പ്രഖ്യാപനത്തില്‍ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്ന് അദ്ദേഹം വ്യക്തമാക്കി. വയനാട്ടില്‍ നേരത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ടി.സിദ്ദീഖിനെ മാറ്റിയാണ് രാഹുല്‍ എത്തുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വിവരം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. തുടര്‍ന്ന് ടി.സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ രാഹുല്‍ ഗാന്ധിയോ കേന്ദ്ര നേതൃത്വമോ തയ്യാറാകാതിരുന്നത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ പാടെ ബാധിച്ചിരുന്നു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിശ്ചലാവസ്ഥയിലുമായി.

സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാത്തതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടെ കര്‍ണാടകയിലെ ബിദാറിലും രാഹുല്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളൊക്കെ നിലനില്‍ക്കുന്നതിനിടയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നത്.

വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ടിനെ മാറ്റി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥി ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് തുഷാര്‍ വയനാട്ടിലേക്ക് പോകുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ പറയുന്നത്. രാഹുല്‍ മത്സരിക്കുന്നതോടെ വയനാട് ബിജെപി ഏറ്റെടുക്കുമെന്നാണ് പി.എസ്.ശ്രീധരന്‍ പിള്ള നേരത്തെ അറിയിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.