1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2015

സ്വന്തം ലേഖകന്‍: ആര്‍. കെ നഗറില്‍ കൊടുങ്കാറ്റാവുകയാണ് ജയില്‍വാസം അവസാനിപ്പിച്ച് കുറ്റവിമുക്തയായി പുറത്തിറങ്ങിയ തലൈവി. മിക്കവാറും നൂറു ശതമാനം വിജയത്തിലേക്കാണ് ജയലളിത കുതിക്കുന്നതെന്നാണ് പതിനാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കണക്കുകള്‍ നല്‍കുന്ന സൂചന. തൊട്ടടുത്ത സ്ഥാനാര്‍ഥിയായ സിപിഐയുടെ സി. മഹേന്ദ്രന് ആകെ നേടാന്‍ കഴിഞ്ഞത് വെറും 8,079 വോട്ടുകളാണ്.

എതിരാളികള്‍ അശക്തരായിരുന്നിട്ടും എ.ഐ.എ.ഡി.എം.കെ. നടത്തിയ ശക്തമായ പ്രചാരണം ഫലം കണ്ടതായാണ് ജയയുടെ ഭൂരിപക്ഷം തെളിയിക്കുന്നത്. അമ്മക്ക് ലക്ഷം കടന്നുള്ള ഭൂരിപക്ഷം നല്‍കണമെന്നാണ് സംസ്ഥാനമന്ത്രിമാരെല്ലാം ആര്‍.കെ. നഗറിലെത്തി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചത്. അതിന് ഫലം കാണുകയും ചെയ്തു. ജയയുടെ ഭൂരിപക്ഷം ഒരു ലക്ഷവും കടന്ന് കുതിക്കുന്ന കാഴ്ചയാണ് ആര്‍കെ നഗര്‍ മണ്ഡലത്തില്‍.

ഭൂരിപക്ഷത്തില്‍ തലൈവി റെക്കോഡ് സൃഷ്ടിക്കുമോ എന്ന് മാത്രമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഡി.എം.കെ. ഉള്‍പ്പെടെയുള്ള മുഖ്യപ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്ന തിരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ സി. മഹേന്ദ്രനും സ്വതന്ത്രനായി മത്സരിക്കുന്ന ട്രാഫിക് രാമസ്വാമിയുമാണ് ജയലളിതയ്‌ക്കെതിരെ മത്സര രംഗത്തുള്ള പ്രമുഖര്‍.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ ജയലളിതയ്ക്ക് മത്സരിക്കാനായി എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ വെട്രിവേല്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ആര്‍. കെ. നഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജൂണ്‍ 27 ന് നടന്ന തിരഞ്ഞെടുപ്പില്‍ 74.4 ശതമാനം പേര്‍ വോട്ടു ചെയ്തു. ഒറ്റപ്പെട്ട ചില തര്‍ക്കങ്ങളൊഴിച്ചാല്‍ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.