1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2016

സ്വന്തം ലേഖകന്‍:
സിറിയയില്‍ നടക്കുന്നത് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നിഴല്‍ യുദ്ധമെന്ന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ്. കിഴക്കന്‍ ആലപ്പോ ഭീകരവിമുക്തമാക്കുകയാണ് അടിയന്തരാവശ്യമെന്നും അദ്ദേഹം റഷ്യന്‍ പത്രമായ കോംസോമോള്‍സ്‌കയാ പ്രവദയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

തുര്‍ക്കിയില്‍നിന്നാണു ഭീകരര്‍ എത്തിയത്. ആലപ്പോയിലെ ഭീകരരെ തുരത്തി തുര്‍ക്കിയിലേക്ക് തിരിച്ചയയ്ക്കുകയോ വകവരുത്തുകയോ ചെയ്യണം. ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് അസാദ് വ്യക്തമാക്കി. അതിനിടെ സിറിയയിലെ വ്യോമത്താവളത്തില്‍ റഷ്യന്‍ സൈനികരെ അനിശ്ചിതകാലത്തേക്കു വിന്യസിക്കുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് പുടിന്‍ ഒപ്പുവച്ചു.

സിറിയയില്‍ റഷ്യയ്ക്ക് സ്ഥിരം വ്യോമത്താവളം സ്ഥാപിക്കുന്നതിനുള്ള വഴിയും ഇതോടെ തെളിഞ്ഞു. സിറിയയിലെ ടാര്‍ട്ടസില്‍ ഇപ്പോള്‍ റഷ്യയ്ക്ക് നാവികത്താവളമുണ്ട്. ആലപ്പോയില്‍ റഷ്യന്‍, സിറിയന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ ഈയാഴ്ചയില്‍ മാത്രം 150 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

സിറിയയില്‍ പുതിയ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് റഷ്യയും യുഎസും ഇന്നു ജനീവയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. സിറിയയില്‍ സൈനിക ഇടപെടലിന് അമേരിക്കയുടെ മേല്‍ സമ്മര്‍ദം ഏറിവരുന്ന സാഹചര്യത്തിലാണിത്. മേഖലയില്‍ ലോകയുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ റഷ്യ കോപ്പുകൂട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.