1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2018

സ്വന്തം ലേഖകന്‍: ശബരിമല യുവതീ പ്രവേശനം: സര്‍ക്കാര്‍ വിളിച്ച നിര്‍ണായക സര്‍വ്വകക്ഷി യോഗം ഇന്ന്; പന്തളം തന്ത്രി കുടുംബവുമായും ചര്‍ച്ച. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കും. പന്തളം തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ചയും ഇന്ന് നടക്കും. സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും.

നാളെ മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനകാലം തുടങ്ങാനിരിക്കെ സര്‍ക്കാരിന്റെ തീരുമാനം നിര്‍ണായകമാകും. യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വീണ്ടും വിസമ്മതിച്ചതോടെ സര്‍ക്കാറിന് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ഭരണഘടനാപരമായ ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷെ ശക്തമായ പ്രതിഷേധം ഉയരുമെന്ന വിവിധ സംഘടനകളുടെ മുന്നറിയിപ്പും സര്‍ക്കാറിന് മുന്നിലുണ്ട്.

യുവതീ പ്രവേശനം മണ്ഡല മകരവിളക്ക് കാലത്ത് അനുവദിക്കരുതെന്നാകും കോണ്‍ഗ്രസ്സും ബിജെപിയും പന്തളം കുടുംബവുമെല്ലാം ആവശ്യപ്പെടുക. യുവതികള്‍ എത്തിയാല്‍ നട അടച്ചിടുമെന്ന നിലപാടെടുത്ത തന്തി കുടുംബത്തിന്റെ അഭിപ്രായങ്ങള്‍ക്കും പ്രാധാന്യമുണ്ട്. സര്‍ക്കാറും വിധിയെ എതിര്‍ക്കുന്നവരും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ ചര്‍ച്ചകളില്‍ സമവായത്തിനുള്ള സാധ്യത കുറവാണ്. യുവതികളെ നിര്‍ബന്ധപൂര്‍വ്വം കൊണ്ട് വരില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കും. എന്നാല്‍ യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാറിന് നല്‍കാതിരിക്കാനാകില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.