1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2018

സ്വന്തം ലേഖകന്‍: സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറിന്റെ ഞെട്ടിക്കുന്ന പരകായപ്രവേശം; സഞ്ജുവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്. സഞ്ജയ് ദത്തിന്റെ സംഭവബഹുലമായ ജീവിതകഥ പറയുന്ന സിനിമ ‘സഞ്ജു’ ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം.

ഒറ്റ നോട്ടത്തില്‍ രണ്‍ബീറിനെ കണ്ടാല്‍ സഞ്ജയ് ദത്ത് ആണെന്നേ പറയൂ. ശരീരഭാഷയിലും ഗംഭീര മേക്ക്ഓവറാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങള്‍ ഒരേസ്വരത്തില്‍ പറയുന്നു. ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്. ഹിറാനിയുടെ ഏറ്റവും മികച്ച ചിത്രമാകും സഞ്ജുവെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ രണ്‍ബീറിന്റെ കഥാപാത്രം കടന്നുപോകുന്നു. സിനിമയിലെ വിവിധ രൂപഭാവങ്ങള്‍ക്കായി ഏറെ നാളത്തെ തയ്യാറെടുപ്പാണ് രണ്‍ബീര്‍ നടത്തിയത്.

മയക്കുമരുന്നിന് അടിമയായതും ജയിലില്‍ പൊലീസുകാര്‍ക്കു മുന്നില്‍ പൂര്‍ണ നഗ്‌നാകേണ്ടി വന്നതും വൃത്തിഹീനമായ ലോക്കപ്പില്‍ മലിന ജലത്തില്‍ കഴിയേണ്ടിവന്നതും ഉള്‍പ്പെടെ സഞ്ജയ് ദത്തിന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളെല്ലാം ട്രെയിലറില്‍ പുനവതരിപ്പിക്കുന്നു. മകനായും സുഹൃത്തായും കാമുകനായും സഞ്ജയ് ദത്തായി ജീവിക്കുകയാണ് രണ്‍ബീറെന്ന് ആരാധകര്‍ പറയുന്നു.

പരേഷ് രാവല്‍, ദിയ മിര്‍സ, സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ, മനീഷ കൊയ്‌രാള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അഭിജിത്ത് ജോഷിയുടെ തിരക്കഥയില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 29ന് ചിത്രം തിയറ്ററുകളിലെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.