1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2018

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി ജീവനക്കാരുടെ വര്‍ണവിവേചനത്തിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസിലെ ഒരു ജീവനക്കാരിയുടെ പെരുമാറ്റത്തിനെതിരേയാണ് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ശില്‍പയുടെ രോഷപ്രകടനം. തൊലിയുടെ നിറം കാരണം വിമാനത്താവളത്തിലെ കൗണ്ടറിലെ ഒരു ജീവനക്കാരി തന്നോട് മോശമായി പെരുമാറി എന്നായിരുന്നു രൂക്ഷമായ ഭാഷയിലുള്ള ശില്‍പയുടെ പരാതി.

സിഡ്‌നിയില്‍ നിന്ന് മെല്‍ബണിലേയ്ക്കുളള യാത്രയ്ക്കിടയിലാണ് തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്ന് ശില്‍പ പറയുന്നു. ‘ക്ലിയറന്‍സ് കൗണ്ടറില്‍ വച്ച് മെല്‍ എന്ന സ്ത്രീയാണ് മോശമായി പെരുമാറിയത്. വെള്ളക്കാരിയല്ലാത്തതുകൊണ്ട് തന്നോട് അധികം സംസാരിക്കേണ്ട എന്ന നിലപാടിലായിരുന്നു അവര്‍. ബിസിനസ് ക്ലാസിലായിരുന്നു എന്റെ യാത്ര. അതുകൊണ്ട് തന്നെ അനുവദനീയമായ രണ്ട് ബാഗുകള്‍ മാത്രമായിരുന്നു കൈവശം ഉണ്ടായിരുന്നത്.

എന്നാല്‍, പകുതി മാത്രം സാധനങ്ങള്‍ വച്ച എന്റെ ഒരു ബാഗിന് ഭാരക്കൂടുതലുണ്ടെന്നും അതുകൊണ്ട് മറ്റൊരു കൗണ്ടറില്‍ പരിശോധന നടത്തണമെന്നു അവര്‍ ശഠിച്ചു. എന്നാല്‍, ഭാരക്കൂടുതലുള്ള ലഗ്ഗേജ് പരിശോധിക്കേണ്ട കൗണ്ടറിലെ സ്ത്രീ വളരെ മാന്യമായാണ് എന്നോട് പെരുമാറിയത്. എന്റെ ബാഗിന് ഭാരക്കൂടുതലില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ വീണ്ടും പഴയ കൗണ്ടറിലേയ്ക്ക് പോയി. എന്നാല്‍, അവര്‍ വീണ്ടും പരിശോധിക്കാന്‍ കൂട്ടാക്കിയില്ല.

കൗണ്ടര്‍ അടയ്ക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ അങ്ങനെ ഒരു കൗണ്ടറില്‍ നിന്ന് മറ്റൊരു കൗണ്ടറിലേയ്ക്ക് ഓടുകയായിരുന്നു ഞാന്‍. ധിക്കാരിയായ മെല്ലിന് എന്നോട് എന്തോ പ്രശ്‌നമുള്ളതായാണ് എനിക്ക് തോന്നിയത്. ഈ വിഷയം ക്വാണ്ടാസിന്റെ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനും വേണ്ടി മാത്രമാണ് ഞാന്‍ ഇത്രയും കുറിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ജീവനക്കാരെ മാന്യമായി പെരുമാറാന്‍ പഠിപ്പിക്കണം.

തൊലിയുടെ നിറത്തിനനുസരിച്ച് മാറാനുള്ളതല്ല പരിഗണന. ഞങ്ങള്‍ ഇങ്ങനെ തള്ളിവീഴ്‌ത്തേണ്ടവരല്ല, മാത്രവുമല്ല, ഇത്തരം അഹന്ത വച്ചുപൊറുപ്പിക്കുകയുമില്ല. ഇനി നിങ്ങള്‍ പറയൂ ഈ ചിത്രത്തിലുള്ള ബാഗ് അമിത ഭാരമുള്ളതാണോ?’ ശില്‍പ ചോദിക്കുന്നു. വിമാനത്താവളത്തില്‍ ബാഗുമായി ഇരിക്കുന്നതിന്റെ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.