1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2020

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ട വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കല്‍ക്കരി ഖനന മേഖലയെ സ്വകാര്യ വല്‍ക്കരിക്കും. ഖനന മേഖലയില്‍ സുതാര്യത, സ്വകാര്യ പങ്കാളിത്തം, മത്സരം എന്നിവ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.

നിലവില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനന മേഖലയെയാണ് സ്വകാര്യ മേഖലയ്ക്കു കൂടി കൈമാറുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ഈ മേഖലയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ദുര്‍ബലപ്പെടും. കല്‍ക്കരി രംഗത്തെ വാണിജ്യവല്‍ക്കരിക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ നിര്‍മ്മിതിക്കായി വ്യോമയാന മേഖലയെയും സ്വകാര്യവല്‍ക്കരിക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. ഈ മേഖലയിലസെ നിയന്ത്രണങ്ങള്‍ കുറയ്ക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കും. വിമാന എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള സൗകര്യങ്ങള്‍ രാജ്യത്ത് ഒരുക്കും.

കൂടുതല്‍ നിക്ഷേപവും കൂടുതല്‍ ഉല്‍പാദനവും കൂടുതല്‍ തൊഴിലും ലക്ഷ്യമിട്ടാണ് വിവിധ മേഖലകളെ സ്വകാര്യ വല്‍ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇവയ്ക്ക് പുറമെ ധാതു, പ്രതിരോധ ഉല്‍പാദനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളെക്കൂടി സ്വകാര്യവല്‍ക്കരിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി പ്രതിരോധരംഗത്ത് പ്രധാനമായും മൂന്ന് പ്രഖ്യാപനങ്ങളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പ്രതിരോധ വകുപ്പിന് ആവശ്യമായ ആയുധങ്ങളില്‍ ചിലത് ഇന്ത്യയില്‍ നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതു പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ പട്ടിക തയ്യാറാക്കും.

ഇവയുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന ആയുധങ്ങളുടെ ഗുണനിലവാരത്തിനനുസരിച്ച് കൂടുതല്‍ ആയുധങ്ങളെ ഈ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കും. ഇത് ഇന്ത്യയുടെ പ്രതിരോധ ഉത്പന്നങ്ങളുടെ ചെലവില്‍ വലിയ കുറവ് വരുത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭിക്കും. ഇതോടൊപ്പം വൈദ്യുതി വിതരണം മെച്ചപ്പെടുത്താനും സാമ്പത്തികമായ കാര്യക്ഷമത ഉറപ്പാക്കാനും ഇത് സഹായിക്കും. സ്വകാര്യവല്‍ക്കരണത്തിലൂടെ മേഖലയിലുണ്ടാകുന്ന കിടമത്സരം ഗുണംചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഏതു സമയത്തും കമ്പനികള്‍ വൈദ്യുത വിതരണം ഉറപ്പുവരുത്തണം. ലോഡ് ഷെഡിങ് ഉണ്ടാകുന്നത് കുറ്റകരമാക്കും. കമ്പനികളുടെ കാര്യക്ഷമതയില്ലായ്മ കാരണം ഉപഭോക്താക്കള്‍ക്ക് പ്രയാസം അനുഭവപ്പെടരുതെന്നും പുതിയ തീരുമാനങ്ങളില്‍ പറയുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍, മേഖലയുടെ സുസ്ഥിരത, അഭിവൃദ്ധി എന്നിവ കണക്കിലെടുത്താകും നിരക്കുമായി ബന്ധപ്പെട്ട നയം പരിഷ്‌കരിക്കുക.

കൽക്കരി ഖനന മേഖലയില്‍ മത്സരം, സുതാര്യത, സ്വകാര്യ പങ്കാളിത്തം എന്നിവ കൊണ്ടുവരും എന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. നിലവില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് കല്‍ക്കരി ഖനനം നിലനില്‍ക്കുന്നത്. ഈ നിയന്ത്രണം ഇപ്പോള്‍ എടുത്തു കളയുന്നുവെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

സ്വകാര്യ കമ്പനികള്‍ക്കും കല്‍ക്കരി ഖനനത്തിന് അനുവാദം നല്‍കും. വരുമാനം പങ്കുവെക്കല്‍ നയത്തിലാണ് സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കുക. കല്‍ക്കരിയുടെ ഖനനം കൂടുമ്പോള്‍ സ്വാഭാവികമായും അതിന്റെ വിലയും കുറയുമെന്ന് മന്ത്രി അവകാശപ്പെട്ടു. കല്‍ക്കരി ഖനത്തിന് ബ്ലോക്കുകള്‍ അനുവദിക്കുന്നത് ലേലത്തിലൂടെയാകും. ഇതിനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.