1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2015

സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യയുടെ ഇടപെടല്‍ മധ്യപൂര്‍വേഷ്യയുടെ ഭാവിക്കു വേണ്ടിയെന്ന് സിറിയന്‍ പ്രസിഡന്റ്. ഇതോടെ സിറിയയില്‍ റഷ്യ ആരംഭിച്ച വ്യോമാക്രമണം തന്നെ രക്ഷിക്കാനാണെന്ന വിമര്‍ശനങ്ങളെ ശരിവക്കുകയും ചെയ്തു പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലെ റഷ്യന്‍ ഇടപെടല്‍ പരാജയപ്പെട്ടാല്‍ മദ്ധ്യപൂര്‍വേഷ്യ തകരുമെന്നായിരുന്നു ചാനല്‍ അഭിമുഖത്തില്‍ അസദ് പറഞ്ഞത്.

റഷ്യ, സിറിയ, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളാണ് സിറിയയില്‍ വിമതര്‍ക്കെതിരെ സംയുക്ത ആക്രമണം നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ തറപറ്റിക്കാനെന്ന പേരില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് റഷ്യ സിറിയയില്‍ ആകാശയുദ്ധം ആരംഭിച്ചത്. എന്നാല്‍ അസദിനെതിരായ പാശ്ചാത്യ ആക്രമണം ചെറുക്കുകയാണ് റഷ്യയുടെ ഗൂഢലക്ഷ്യമെന്ന് അമേരിക്ക അടക്കമുള്ള എതിരാളികള്‍ ആരോപിയ്ക്കുന്നു.

സഖ്യം വിജയിക്കാനുള്ള സാദ്ധ്യത വളരെക്കൂടുതലാണെന്നും ഇത് വളരെ പ്രസക്തമാണെന്നുമാണ് അസദിന്റെ പക്ഷം. ഐസിസുള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളെ അമര്‍ച്ച ചെയ്യാന്‍ ഗള്‍ഫ് സഖ്യരാജ്യങ്ങളും പടിഞ്ഞാറന്‍ ശക്തികളും ഉള്‍പ്പെടെയുള്ളവരെ അദ്ദേഹം ക്ഷണിച്ചു.

തീവ്രവാദികള്‍ക്ക് പിന്തുണ കിട്ടുന്നത് ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഒഴിവാക്കാമെന്നും അത് പിന്നീടുള്ള നേട്ടത്തിന് കാരണമാകുമെന്നും അസദ് പറഞ്ഞു. ആഭ്യന്തര യുദ്ധമാരംഭിച്ച് നാലുകൊല്ലമായിട്ടും പ്രസിഡന്റ് പദവി രാജിവെയ്ക്കാത്ത അസദിനെതിരെ എതിരാളികളുടെ സമ്മര്‍ദ്ദം ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.