1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2017

സ്വന്തം ലേഖകന്‍: യുകെയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത നീക്കം പൊട്ടിത്തെറിയിലേക്ക്, ബോറീസ് ജോണ്‍സണെ പുറത്താക്കുമെന്ന് സൂചന നല്‍കി തെരേസാ മേയ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തെരേസാ മേയ്‌ക്കെതിരായ വിമതരുടെ നീക്കം ശക്തമായതോടെ പാര്‍ട്ടിയിലെ കരുത്തനും വിദേശകാര്യ സെക്രട്ടറിയുമായ ബോറീസ് ജോണ്‍സനെ പുറത്താക്കുമെന്നു പ്രധാനമന്ത്രി തെരേസാ മേയ് സൂചന നല്‍കി. മറ്റു വിമതരും മന്ത്രിസഭയില്‍നിന്നു പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രിയെന്ന നിലയില്‍ മികച്ച ക്യാബിനറ്റ് രൂപീകരിക്കുമെന്നും തെരേസാ മേയ് പറഞ്ഞു. തന്നെ അനുകൂലിക്കുന്നവരെ മാത്രം കൂടെ നിര്‍ത്താനാണ് പ്രധാനമന്ത്രി പദ്ധതിയിടുന്നത്. താന്‍ അനായാസമായ ഒരു ജീവിതം നയിക്കുവാനല്ല രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് തെരേസ മേയ് തുറന്നടിക്കുകയും ചെയ്തു. സമീപകാലത്ത് തനിക്കെതിരെ ഉയര്‍ന്ന് വന്ന വെല്ലുവിളികളെ കുറിച്ചുളള ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തെരേസ.

വെല്ലുവിളികളില്‍ നിന്നം മറഞ്ഞിരിക്കുക ഒരിക്കലും തന്റെ ശൈലിയല്ലെന്നും താന്‍ ഇപ്പോള്‍ എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി ഉറപ്പിച്ച് പറഞ്ഞു. താന്‍ പ്രധാനമന്ത്രിയാണെന്നും അതിനാല്‍ ഏറ്റവും മികച്ചവരാണ് തന്റെ മന്ത്രിസഭയില്‍ ഉള്ളതെന്ന് ഉറപ്പ് വരുത്തേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും തെരേസ വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനുമായി വിലപേശലുകളെ പിന്തുണക്കുന്ന പുതിയ നേതാക്കളെ നിര്‍ണായക സ്ഥാനങ്ങളില്‍ അവരോധിക്കാനാണ് മേയ് ഒരുങ്ങുന്നതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

ഒക്ടോബര്‍ 19, 20 ദിവസങ്ങളില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ മീറ്റിംഗിന് ശേഷമായിരിക്കും മന്ത്രിസഭാ അഴിച്ച് പണി. അടുത്തിടെ ബ്രെക്‌സിറ്റ് വിഷയത്തില്‍ ശക്തമായ പിന്തുണയുമായി ബോറീസ് ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നുവെങ്കിലും നിര്‍ണായക വിഷയങ്ങളില്‍ ജോണ്‍സണ്‍ മേയ്‌ക്കെതിരായ നിലപാടുകളാണ് എടുത്തിരുന്നത്. കൂടാതെ ജോണ്‍സണെ മേയ്‌ക്കെതിരായ ശക്തമായ ബദലായി വിമതര്‍ ഉയര്‍ത്തിക്കാണിക്കുന്നതും അദ്ദേഹത്തിന് പ്രതികൂലമാകുമെന്നാണ് വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.