1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2017

സ്വന്തം ലേഖകന്‍: നാണംകെട്ട് ഒടുവില്‍ തോമസ് ചാണ്ടിയുടെ രാജി, പുതിയ എന്‍സിപി മന്ത്രി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന. നാടകീയ സംഭവങ്ങള്‍ക്കും കനത്ത സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവിലാണ് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവെച്ചത്. എന്‍സിപി അധ്യക്ഷന്‍ വഴി നല്‍കിയ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. പുതിയ മന്ത്രി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ തത്കാലം മുഖ്യമന്ത്രിക്കാകും ഗതാഗത വകുപ്പിന്റെ ചുമതല.

സര്‍ക്കാര്‍ ഭൂമിയും കായലും കയ്യേറിയെന്ന ആരോപണം മന്ത്രിസഭയുടെ അന്തസ്സിനെത്തന്നെ ചോദ്യം ചെയ്യുന്ന നിലയില്‍ വഷളായതോടെയാണ് അവസാന നിമിഷം വരെ പിടിച്ചുനിന്ന ശേഷം തോമസ് ചാണ്ടി രാജിക്ക് തയ്യാറായത്. ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ തോമസ് ചാണ്ടി കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിന് മുന്‍പ് ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുനു.

മന്ത്രിസഭാ യോഗം തന്നെ ബഹിഷ്‌കരിച്ച് സിപിഐ രാജിയ്ക്കായി സമ്മര്‍ദ്ദം ശക്തമാക്കിയതാണ് രാജി തീരുമാനം വേഗത്തിലാക്കാന്‍ കാരണമെന്നും സൂചനയുണ്ട്. തന്റെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ടി പി പീതാംബരനും എ കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തിയ ശേഷം പാര്‍ട്ടിക്ക് രാജിക്കത്തേല്‍പിച്ച് തോമസ് ചാണ്ടി ആലപ്പുഴക്ക് മടങ്ങി. സര്‍ക്കാരിന്റെ വിശ്വാസ്യത കാക്കാന്‍ മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിച്ചാണ് രാജിയെന്ന് പീതാംബരന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.