1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2020

സ്വന്തം ലേഖകൻ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഒരച്ഛനെയും മകനെയും മൃഗീയവും ഭീകരവുമായ വിധത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവം ലോകമറിഞ്ഞത് ഗായികയും ആർജെയുമായ സുചിത്ര എന്ന സുചി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയായിരുന്നു.

ഒന്നരക്കോടിയിലേറെ പേര്‍ കണ്ട (ഇതെഴുതുമ്പോള്‍1 7,297,287 വ്യൂസ്) വീഡിയോയില്‍ തൂത്തുക്കുടിയിലെ സംഭവം വിശദമായി വിവരിക്കുകയാണ് സുചി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ലോകമനസാക്ഷിയെ ഈ സംഭവത്തിലേക്ക് ഉണര്‍ത്തുന്നതില്‍ വലിയ പങ്കാണ് ഈ വീഡിയോ വഹിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയ്ക്കടുത്തുള്ള സാത്താങ്കുളം എന്ന ടൗണിലെ പൊലീസ് സ്റ്റേഷനിൽ ജയരാജിനേയും (58) മകൻ ബെനിക്സിനേയും (31) പൂർണ്ണ നഗ്നരാക്കി ലോക്കപ്പിൽ തള്ളി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി എന്നാണ് ആരോപണം. മൊബൈൽ കട നടത്തുന്ന ഇരുവരും, ലോക്ക് ഡൌൺ കാലത്ത് എട്ടു മണിയോടെ അടക്കേണ്ട അവരുടെ മൊബൈൽ കട എട്ടു മണി കഴിഞ്ഞു പതിനഞ്ചു മിനുറ്റ് വരെ തുറന്നു വെച്ചിരുന്നു എന്നതാണ് പോലീസ് വിശദീകരണം.

ബീറ്റ് പട്രോളിംഗിന് വന്ന പൊലീസ് കോൺസ്റ്റബിൾ അച്ഛൻ ജയരാജിനെ കസ്റ്റഡിയിൽ എടുക്കുകയും അച്ഛനെ തേടി സ്റ്റേഷനിൽ ചെന്ന മകൻ ഫീനിക്സിനെയും അവർ പിന്നാലെ ലോക്കപ്പിൽ അടക്കുകയുമായിരുന്നു. ജൂണ്‍ 19നായിരുന്നു ഇത്. തുടര്‍ന്നു രണ്ടു ദിവസത്തോളം ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി ഇരുവരും മരിക്കുകയായിരുന്നു. ബെനിക്സ് ജൂണ്‍ 22നും ജയരാജ് ജൂണ്‍ 23നുമാണ് മരിക്കുന്നത്.

ഇതേക്കുറിച്ച് ശക്തമായ പ്രതികരണമാണ് സുചി തന്റെ വീഡിയോയിലൂടെ നടത്തിയത്. ഇന്ത്യയുടെ ‘ജോര്‍ജ് ഫ്ലോയിഡ്’ നിമിഷം എന്നാണു അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. ജയരാജിനും ബെനിക്സിനും നീതി ലഭിക്കുന്നതുവരെ ഇതേക്കുറിച്ച് സംസാരിക്കാനും വാർത്തകളും വീഡിയോയും പങ്കിടാനും സുചി വീഡിയോയില്‍ ആവശ്യപ്പെട്ടു.

“നാം ഇംഗ്ലീഷിൽ സംസാരിക്കാത്തതു കാരണം എല്ലാ ദക്ഷിണേന്ത്യൻ പ്രശ്നങ്ങളും ദക്ഷിണേന്ത്യൻ പ്രശ്നങ്ങൾ മാത്രമായി ഒതുങ്ങുന്നു,” എന്നു പറഞ്ഞു കൊണ്ടാണ് സുചി വീഡിയോ ആരംഭിക്കുന്നത്.

സുചിയുടെ വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് അറിയുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ-രാജ്യാന്തര തലത്തിലുള്ള മാധ്യമങ്ങളും ഈ മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ലോക്കപ്പ് മരണസംഭവത്തില്‍ രണ്ട് എഫ്‌ഐആർ ഫയൽ ചെയ്തിട്ടും ഇത് വരെയും കൊലപാതകക്കുറ്റത്തിനായി ഒരു ഉദ്യോഗസ്ഥനെതിരെയും കേസെടുത്തിട്ടില്ല. വലിയ പ്രതിഷേധത്തെ തുടർന്ന് രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്യുകയും സ്റ്റേഷൻ ഇൻസ്പെക്ടറെ മാറ്റുകയും ചെയ്തു. ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുകയാണ്.

കസ്റ്റഡി മരണത്തില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ കേസെടുത്തിരുന്നു. പൊതുജങ്ങള്‍ക്ക് നേരെയുള്ള പോലീസിന്റെ അതിക്രമം കോവിഡിനെക്കാള്‍ മോശമായ പകര്‍ച്ചവ്യാധിയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.

അതിനിടെ തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിക്കുമെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കോടതിയുടെ അനുമതി പ്രകാരമായിരിക്കും അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറുകയെന്നും പളനിസ്വാമി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.