1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2016

സ്വന്തം ലേഖകന്‍: നിറഞ്ഞു കവിഞ്ഞ് തുര്‍ക്കിയിലെ ജയിലുകള്‍, അട്ടിമറിക്കാരായ 38,000 തടവുകാരെ ഉപാധികളോടെ വിട്ടയക്കും. പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന് പിന്നാലെ പിടിയിലായ ആയിരക്കണക്കിന് ആളുകളെ താമസിപ്പിക്കാന്‍ ജയിലുകളില്‍ സ്ഥലമില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനാണ് തടവുകാരെ വിട്ടയക്കുന്നത്.

തടവുകാലത്തിന്റെ പകുതി കഴിഞ്ഞവരും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവരുമായ പരോളിന് അര്‍ഹതയുള്ള ആളുകളെയാണ് വിട്ടയക്കുന്നതിന് പരിഗണിക്കുന്നത്. കൊലപാതകം, ഗാര്‍ഹിക പീഡനം, ലൈംഗിക കുറ്റകൃത്യങ്ങള്‍, തീവ്രവാദം, രാജ്യത്തിനെതിരായ മറ്റു കുറ്റകൃത്യങ്ങള്‍ എന്നീ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കില്ല. ജുലൈക്ക് മുമ്പ് ജയിലില്‍ അടക്കപ്പെട്ടവരെ മാത്രമാണ് ഇതിന് പരിഗണിക്കുക.

ഇത്തരത്തില്‍ 38,000 പേരെ വിട്ടയക്കേണ്ടിവരുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്നാല്‍, സ്ഥിരമായ മാപ്പു നല്‍കലല്ല ഇതെന്നും ഉപാധികളോടെയുള്ള വിട്ടയക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറിശ്രമത്തെ തുടര്‍ന്ന് 35,000 പേരെ ചോദ്യംചെയ്യാനായി തുര്‍ക്കി പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ 17,000 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അട്ടിമറിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയില്‍ പ്രവാസിയായി കഴിയുന്ന പണ്ഡിതന്‍ ഫത്ഹുല്ല ഗുലനാണെന്ന് പ്രസിഡന്റ് ഉര്‍ദുഗാനടക്കം നേരത്തെ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഗുലനെ പിന്തുണക്കുന്നവരെന്ന് കരുതുന്ന സൈന്യത്തിലും ജുഡീഷ്യറിയിലുമടക്കമുള്ളവരെയാണ് പിടികൂടിയത്. വ്യത്യസ്ത സര്‍ക്കാര്‍ മേഖലകളിലുള്ള നിരവധി പേരെ അട്ടിമറിബന്ധം ആരോപിച്ച് പുറത്താക്കിയിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.