1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2018

സ്വന്തം ലേഖകന്‍: ഫ്‌ലോറിഡയിലെ യോഗസെന്ററില്‍ വെടിവെയ്പ് നടത്തിയത് കടുത്ത സ്ത്രീവിദ്വേഷിയായ യുവാവ്; പ്രതി പലപ്പോഴും സ്ത്രീകളെ ക്രൂശിക്കണമെന്നും ബോംബു വെച്ച് കൊലചെയ്യണമെന്നും പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍. ഫ്‌ളോറിഡയിലെ പ്രശസ്തമായ യോഗസെന്ററില്‍ വെടിവെയ്പ് നടത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചത് കടുത്ത സ്ത്രീവിരുദ്ധനെന്ന് സ്വയം വിശേഷിപ്പിച്ചയാള്‍. സ്‌കോട്ട് പോള്‍ ബെയര്‍ലി എന്ന നാല്‍പതുകാരനാണ് സ്ത്രീകളുടെ നേര്‍ക്ക് ആക്രമണം നടത്തിയ ശേഷം ആത്മഹത്യ ചെയ്തത്. 

വെടിവെയ്പില്‍ രണ്ടു യുവതികള്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനികനായും അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്ന ബെയര്‍ലിയെ സ്ത്രീവിരുദ്ധ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഇയാളുടെ വീഡിയോകള്‍. കറുത്ത വര്‍ഗക്കാരായ സ്ത്രീകളായിരുന്നു ഇയാളുടെ അധിക്ഷേപത്തിന് കൂടുതല്‍ ഇരകളായത്.

വെള്ളിയാഴ്ച വൈകുന്നേരം തിരക്കു നിറഞ്ഞ ഷോപ്പിങ് പ്ലാസയിലാണ് ഇയാള്‍ വെടിവെയ്പ് നടത്തിയത്. സ്ത്രീകളോട് കടുത്ത വിദ്വേഷം വെച്ചു പുലര്‍ത്തിയിരുന്ന ബെയര്‍ലി 2014 ല്‍ സമാനരീതിയില്‍ ആറു സ്ത്രീകളെ കൊലപ്പെടുത്തിയ എലിയോട്ട് റോഡ്ജര്‍ എന്നയാളെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ ക്രൂരകളാണെന്നും വാക്കു പാലിക്കാത്തവരാണെന്നും ഇയാള്‍ ഇടയ്ക്കിടെ പ്രസ്താവനകള്‍ ഇറക്കിയിരുന്നു.

യോഗ സെന്ററില്‍ ഇയാള്‍ ആക്രമണം നടത്താനുണ്ടായ കാരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. വെടിയേറ്റ സ്ത്രീകളോട് ഇയാള്‍ക്കേതെങ്കിലും തരത്തില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്ത്രീകളോടുള്ള അരോചകമായ പെരുമാറ്റം കാരണം സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ ഇയാളോട് ഇടപഴകുകയോ സൗഹൃദം സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. സ്ത്രീകളെ ക്രൂശിക്കണമെന്നും ബോംബു വെച്ച് കൊലചെയ്യണമെന്നും ആഗ്രഹിക്കുന്നതായി ഇയാള്‍ പലപ്പോഴും പറയുമായിരുന്നുവെന്നും പരിചയക്കാര്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.