1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2015

സ്വന്തം ലേഖകന്‍: യുഎഇയില്‍ 90 ദിവസത്തേക്കുള്ള സന്ദര്‍ശക വീസ ഇനി ഓണ്‍ലൈനില്‍. ആഭ്യന്തരമന്ത്രാലയത്തിന്റെ ഇസേവന സംവിധാനത്തില്‍ വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട് ഫോണ്‍ ആപ് ഉപയോഗിച്ചോ വിസക്കായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.moi.gov.ae

സ്വദേശിയുടെയോ താമസക്കാരന്റെയോ നിക്ഷേപകന്റെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തു പ്രവേശനാനുമതി നേടാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാകുമെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ അല്‍ ഖായിഅയ്‌ലി പറഞ്ഞു. 2018 ആകുമ്പോഴേക്കും ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന അപേക്ഷകരുടെ എണ്ണം 80% കുറയ്ക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.

പൊതുമേഖലയുടെയോ ഫ്രീസോണിന്റെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ 90 ദിവസത്തേക്കുള്ള സന്ദര്‍ശകവീസ ലഭിക്കാന്‍ അപേക്ഷകന്‍ ഇഫോം പൂരിപ്പിച്ച് സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ട് പകര്‍പ്പ് സഹിതം നല്‍കണമെന്ന് ഇസര്‍വീസ് വിഭാഗം മേധാവി ലഫ്റ്റന്റ് കേണല്‍ മത്തര്‍ ഖര്‍ബാഷ് പറഞ്ഞു. പാസ്‌പോര്‍ട്ടിന് ആറുമാസത്തില്‍ കുറയാത്ത സാധുത ഉണ്ടായിരിക്കണം.

സ്വകാര്യമേഖലയിലുള്ളവരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ ലൈസന്‍സും ഇഗേറ്റ് കാര്‍ഡും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. യുഎഇയിലെയോ മറ്റേതെങ്കിലും ജിസിസി രാജ്യത്തെയോ പൗരനാണു സ്‌പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ ഇഫോമിനൊപ്പം സ്‌പോണ്‍സറുടെയും അപേക്ഷകന്റെയും പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. പാസ്‌പോര്‍ട്ടിന് ആറുമാസത്തില്‍ കുറയാത്ത സാധുത ഉണ്ടായിരിക്കണമെന്നു പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു.

കുടുംബത്തെ കൊണ്ടുവരാന്‍ ഇഫോമിനൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം.കൂടാതെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, വാടക്കക്കരാര്‍, വൈദ്യുതി ബില്‍, ആയിരം ദിര്‍ഹത്തിന്റെ ബാങ്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ്, ആരോഗ്യഇന്‍ഷുറന്‍സ്, സ്‌പോണ്‍സറുടെ ഉള്‍പ്പെടെ പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍, ഇഗേറ്റ് കാര്‍ഡ് എന്നിവ ഉണ്ടായിരിക്കണം. ഫോണ്‍: 800 5000. email 8005000@moi.gov.ae.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.