1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2020

സ്വന്തം ലേഖകൻ: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 220,000 പേർക്ക് തൊഴിൽ നഷ്ടമായതായി ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏഴുലക്ഷത്തിലധികം പേർ ബ്രിട്ടനിൽ തൊഴിൽ രഹിതരായെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

എന്തായാലും സാമ്പത്തിക രംഗത്തെ നിലവിലുള്ള മാന്ദ്യം കൂടുതൽ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നാണ് ചാൻസിലർ ഋഷി സുനാക് മുന്നറിയിപ്പു നൽകുന്നത്. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഇപ്പോൾ കാണുന്നതെന്നും കൂടുതൽ മോശമായ റിപ്പോർട്ടുകൾ പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ എന്നും സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിലെ കണക്കുകൾ വികസിത രാജ്യങ്ങളിൽ സാമ്പത്തിക രംഗത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന രാജ്യമായി ബ്രിട്ടൻ മാറുന്നതായാണ് സൂചിപ്പിക്കുന്നത്. ജനങ്ങളുടെ ക്രയശേഷി കുറഞ്ഞതോടെ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. ഫാക്ടറികളുടെയും നിർമാണ മേഖലയുടെയും പ്രവർത്തനങ്ങളും അവതാളത്തിലാണ്.

സർവീസ് സെക്ടറിനെയാണ് ലോക്ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. സ്കൂളുകൾ അടഞ്ഞു കിടക്കുന്നത് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ബിസിനസുകളെയും തളർത്തി. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കാർ റിപ്പെയർ സെന്ററുകൾ എന്നിവയാണ് ഏറ്റവും തകർന്നടിഞ്ഞ മേഖലകൾ. കാറുകളുടെ നിർമാണം 1954നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 9.6 മില്യൺ (96 ലക്ഷം) ആളുകളാണ് ഫർലോ സ്കീമിൽ തുടരുന്നത്. ഒക്ടോബറിൽ ഈ സ്കീം അവസാനിക്കുന്നതോടെ ഇതിൽ നല്ലൊരു ഭാഗവും തൊഴിൽ രഹിതരാകാനുള്ള സാധ്യത ഏറെയാണ്. പ്രവർത്തനരഹിതമായ സ്ഥാപനങ്ങളിലെ ഈ തൊഴിലാളികളുടെ ശമ്പളത്തിന്റെ 80 ശതമാനം ഇപ്പോൾ സർക്കാരാണ് നൽകുന്നത്. ഒക്ടോബറിനു ശേഷം ഈ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇവരെല്ലാം ഒറ്റയടിക്ക് തൊഴിൽ രഹിതരായി മാറും.

ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ സെക്ടറുകളിലെ വൻകിട സ്ഥാപനങ്ങൾ പലതും ദിവസേന ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടുന്നതായും റിപ്പോർട്ടുകളുണ്ട്. തൊഴിൽ രഹിതരുടെ എണ്ണം കൂടുമ്പോൾ മറുവശത്ത് വിവിധ തരത്തിലുള്ള സർക്കാർ ആനുകൂല്യങ്ങൾക്കും ധനസഹായത്തിനുമായി അപേക്ഷിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.