1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2017

സ്വന്തം ലേഖകന്‍: ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ വിസമ്മതിച്ച് യുഎസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരങ്ങള്‍, യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് സ്റ്റേഡിയത്തില്‍ നിന്ന് ഇറങ്ങിപ്പോയി, യുഎസില്‍ ദേശീയഗാന വിവാദം വീണ്ടും കത്തിപ്പിടിക്കുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ താരങ്ങള്‍ വിസമ്മതിച്ചതോടെ മത്സരം കാണാനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് സ്റ്റേഡിയത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

രാജ്യത്തിന്റെ ഗാനത്തേയും പതാകയേയും സൈനികരേയും അപമാനിക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പെന്‍സ് പിന്നീട് പറഞ്ഞു. ഇന്ത്യാനപോളിസ് കോള്‍ട്‌സിനെതിരെ കളിക്കാനിറങ്ങിയ സാന്‍ ഫ്രാന്‍സിസ്‌കോ 49 ടീമിലെ കളിക്കാരാണ് വൈസ് പ്രസിഡന്റിനെ സാക്ഷിയാക്കി പ്രതിഷേധിച്ചത്. ഓരോരുത്തരും അവരവരുടെ സ്വന്തം അഭിപ്രായങ്ങള്‍ക്ക് അര്‍ഹരാണെങ്കിലും പതാകയെ ബഹുമാനിക്കണമെന്ന് എന്‍എഫ്എല്‍ കളിക്കാരോട് ആവശ്യപ്പെടുന്നത് അന്യായമല്ലെന്നും പെന്‍സ് പറഞ്ഞു. ദേശീയ ഗാനത്തിനിടെ താരങ്ങള്‍ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചാല്‍ ഗാലറി വിട്ടുപോകണമെന്ന് പെന്‍സിനോട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചിരുന്നു.

അമേരിക്കയിലെ വര്‍ണവിവേചനത്തിനും പോലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധമായാണു താരങ്ങള്‍ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. അമേരിക്കന്‍ ഫുട്‌ബോള്‍ താരമായ കോളിന്‍ കോപ്പര്‍നിക്കാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്. കോളിന് പിന്തുണയുമായി നിരവധി താരങ്ങളാണ് ദേശീയ ഗാനം ബഹിഷ്‌കരിച്ച് രംഗത്തെത്തിയത്. ഇതോടെ ദേശീയ ഗാനത്തെ ബഹുമാനിക്കാത്ത താരങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ‘നാഷണല്‍ ഫുട്‌ബോള്‍ ലീഗിന് നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റുനിന്ന് ബഹുമാനിക്കാതിരിക്കണമെങ്കില്‍ അവര്‍ പുതിയ നിയമം ഉണ്ടാക്കട്ടെ’ എന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.