1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ വിവാദ മുസ്ലീം യാത്രാ വിലക്കിന് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി, ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ അനുമതി. ആറ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് യു.എസിലേക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് റദ്ദാക്കിയ കീഴ്‌കോടവി വിധിക്കെതിരെ ട്രംപ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി. ഇറാന്‍, ലിബിയ, സോമാലിയ, സിറിയ, യമന്‍, ഛാഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് വിലക്കിന്റെ പരിധിയില്‍ വരുന്നത്.

വിലക്കിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടം മൂന്നുതവണ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിരുന്നു. അതേസമയം, വിലക്ക് പ്രാബല്യത്തിലാക്കാന്‍ ഉത്തവിട്ട കോടതി അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയില്ല. ഹര്‍ജിയില്‍ വാദം കേട്ട ഏഴ് ജഡ്ജിമാരില്‍ രണ്ടുപേര്‍ ഉത്തരവിനെ എതിര്‍ത്തു. അടുത്തിടെ ഭേദഗതികളോടെ വിലക്ക് ഭാഗികമായി നടപ്പാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

പിന്നീട് യു.എസില്‍ സ്ഥിര താമസക്കാരായവരുടെ അടുത്ത ബന്ധുക്കളെ പട്ടികയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടും ഉത്തരവിട്ടു. ആദ്യ ഭേദഗതിയില്‍ വിലക്കേര്‍പ്പെടുത്തിയ ആറു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, ഭാര്യ, പ്രായപൂര്‍ത്തിയായ മക്കള്‍, മരുമകള്‍, മരുമകന്‍ എന്നിവരെയാണ് അടുത്ത കുടുംബാംഗങ്ങള്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുത്തശ്ശന്‍, മുത്തശ്ശി, പേരമക്കള്‍, അമ്മായി, അമ്മാവന്‍, മരുമക്കള്‍, സഹോദര ഭാര്യ, സഹോദരീ ഭര്‍ത്താവ് എന്നിവരെ അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പിന്നീട് കൂടുതല്‍ ഭേദഗതി വരുത്തി മുത്തശ്ശി^മുത്തശ്ശന്‍മാരെയും അടുത്ത ബന്ധുക്കളായി പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. കീഴ്‌കോടതികള്‍ തടഞ്ഞതോടെ മാര്‍ച്ചില്‍ ഉത്തരവില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തിയെങ്കിലും കോടതി വിലക്കില്‍ തട്ടി അതും നടപ്പാക്കാനായില്ല. തുടര്‍ന്ന് കീഴ്‌കോടതി വിധികള്‍ക്കെതിരെ ട്രംപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അമേരിക്കയെ തീവ്രവാദ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രാ വിലക്കെന്നാണ് ട്രംപിന്റെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.