1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2017

സ്വന്തം ലേഖകന്‍: ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കിന് യുഎസ് സുപ്രീം കോടതി അംഗീകാരം. വിലക്ക് എല്ലാവര്‍ക്കും ബാധകമാക്കരുതെന്നും അഭയം തേടിയെത്തുന്നവര്‍ക്ക് സ്വീകരിക്കാന്‍ ആളുണ്ടെങ്കില്‍ അനുവദിക്കാമെന്നും കഴിഞ്ഞ വ്യാഴാഴ്ച ഫെഡറല്‍ അപ്പീല്‍ കോടതി നല്‍കിയ ഇളവാണ് പരമോന്നത കോടതി തള്ളിയത്. ഇതോടെ, നിബന്ധനകള്‍ പാലിച്ച് രാജ്യത്ത് പ്രവേശനം പ്രതീക്ഷിച്ച 24,000 ഓളം അഭയാര്‍ഥികളുടെ അമേരിക്കന്‍ യാത്ര അനിശ്ചിതത്വത്തിലായി.

ഒരു പേജ് മാത്രം വരുന്ന ഉത്തരവിലാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അന്തോണി കെന്നഡി കീഴ്‌ക്കോടതി നല്‍കിയ ഇളവുകള്‍ റദ്ദാക്കി ട്രംപിന്റെ പ്രഖ്യാപനത്തിന് സാധുത നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ കക്ഷികളായ സംസ്ഥാനങ്ങളുടെ പ്രതികരണവും കോടതി തേടിയിട്ടുണ്ട്. സുപ്രീം കോടതി വിധി വന്നില്ലായിരുന്നുവെങ്കില്‍ കാല്‍ ലക്ഷത്തോളം അഭയാര്‍ഥികളുടെ അമേരിക്കന്‍ യാത്ര കഴിഞ്ഞ ദിവസം തുടങ്ങുമായിരുന്നു.

അധികാരമേറ്റയുടന്‍ ആറു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് 90 ദിവസത്തേക്കും അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തേക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവില്‍ സുപ്രീം കോടതി ഒക്ടോബര്‍ 10ന് വാദം കേള്‍ക്കുന്നുണ്ട്. ഏഴു രാജ്യക്കാരെ വിലക്കി ജനുവരിയില്‍ പ്രഖ്യാപിക്കുകയും ആറു രാജ്യക്കാര്‍ക്കായി മാര്‍ച്ചില്‍ ചുരുക്കുകയും ചെയ്ത യാത്രാ വിലക്ക് രാജ്യത്തുടനീളം വിമാനത്താവളങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

സര്‍ക്കാര്‍ തീരുമാനം ഭരണഘടന വിരുദ്ധമാണെന്ന് കാണിച്ച് നിരവധി പേര്‍ കോടതിക്കു മുന്നിലെത്തിയതോടെ രണ്ടു ഫെഡറല്‍ കോടതികള്‍ വിലക്കിന്റെ പ്രധാന ഭാഗങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. മതത്തിന്റെ പേരിലുള്ള വിവേചനമാണെന്നും പ്രസിഡന്റ് അമിതാധികാരം കാണിക്കുകയാണെന്നും പറഞ്ഞായിരുന്നു കോടതികളുടെ ഇടപെടല്‍. എന്നാല്‍, ഭാഗികമായി അംഗീകാരം നല്‍കിയ സുപ്രീം കോടതി ഇതിനെതിരായ അപ്പീലുകള്‍ പരിഗണിക്കാമെന്ന് സമ്മതിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.