1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2017

സ്വന്തം ലേഖകന്‍: ഭീകര സംഘടനകളിലേക്ക് പണം ഒഴുകിയെത്തുന്ന ഞരമ്പുകള്‍ മുറിക്കാന്‍ അമേരിക്ക, ആറു ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ ധാരണാപത്രം കരാര്‍ ഒപ്പുവച്ചു. റിയാദില്‍ ചേര്‍ന്ന യോഗത്തിലാണ് യു.എസും ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിലെ ആറംഗങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയായത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളാണ് യു.എസുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചതെന്ന് യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു. ലശ്കറെ ത്വയ്യിബ, ഹഖാനി ശൃംഖല, താലിബാന്‍, ഐ.എസ്, അല്‍ഖാഇദ, ഹിസ്ബുല്ല എന്നീ ഭീകര സംഘടനകളിലേക്ക് പണമൊഴുകുന്നതും പുതിയ ഭീകരസംഘടനകള്‍ ഉടലെടുക്കുന്നതും തടയുകയാണ് ടെററിസ്റ്റ് ഫിനാന്‍സിങ് ടാര്‍ഗറ്റിങ് സെന്റര്‍ (ടി.എഫ്.ടി.സി) സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനായി പണമെത്തുന്നത് എവിടെനിന്നാണെന്ന് കണ്ടെത്തുകയും പിന്തുടരുകയും വിവരം കൈമാറുകയും ചെയ്യും. ഇറാന്‍, സിറിയ, യമന്‍ ഉള്‍പ്പെടെ പശ്ചിമേഷ്യയിലുടനീളം ഉയര്‍ന്നുവരുന്ന രാജ്യാന്തര ഭീഷണികളെയും ഈ സംവിധാനം അഭിസംബോധന ചെയ്യും. പുതുതായി ഉയര്‍ന്നുവരുന്ന ഭീഷണികളെ നേരിടാന്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങളും സഹകരണവും ശക്തിപ്പെടുത്തും. പുതിയ പദ്ധതിക്കായി ട്രഷറി വകുപ്പ് തങ്ങളുടെ ടെററിസം ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് ഓഫീസിന്റെ വിപുലമായ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുമെന്ന് ട്രഷറി സെക്രട്ടറി സ്റ്റീഫന്‍ ടി. നുച്ചിന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.