1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2018

സ്വന്തം ലേഖകൻ: ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ അമ്മയ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്; ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് അമ്മ; മൂന്ന് ദിവസത്തിനകം എക്‌സിക്യൂട്ടീവ് വിളിക്കുമെന്നും ജഗദീഷ്. അമ്മയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡബ്ല്യുസിസിയും പ്രസിഡന്റ് റിമ കല്ലിങ്കലുമാണു ഹര്‍ജിക്കാര്‍.

അതിനിടെ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീവ്രശ്രമങ്ങളുമായി ജനറൽബോഡി യോഗം ഉടനെ വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നാണ് അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. പ്രസിഡന്റ് മോഹൻലാലിനും ഈ അഭിപ്രായം തന്നെയാണെന്നാണ് സൂചന. ഡബ്ല്യു.സി.സി. ഉയർത്തിയ വിഷയങ്ങൾക്ക് പിന്നാലെ വ്യത്യസ്ത നിലപാടുകളുമായി ജഗദീഷും സിദ്ദിഖും രംഗത്തുവന്നത് സംഘടനയുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് വിലയിരുത്തൽ.

ജനറൽബോഡി യോഗം വിളിക്കുന്നതിനോടുള്ള ഒരു വിഭാഗത്തിന്റെ എതിർപ്പു മറികടക്കുകയാണ് ആദ്യ ചുവടെന്ന തിരിച്ചറിവിലാണ് നേതൃത്വം. ‘അമ്മ’യിൽ പരാതിപരിഹാര സംവിധാനം വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി. ഹൈക്കോടതിയെ സമീപിച്ചത് ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. അത് നടപ്പാക്കാൻ കോടതി നിർദേശിച്ചാൽ സംഘടനയ്ക്ക് ക്ഷീണമാകും. അതിനുമുമ്പ് പ്രശ്നങ്ങൾ പരിഹരിച്ച് ജനാധിപത്യം നിലനിൽക്കുന്ന സംവിധാനമാണ് സംഘടനയെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അംഗങ്ങൾക്കിടയിൽ അഭിപ്രായമുണ്ട്.

ഡബ്ല്യു.സി.സി.യുടെ പരാതികൾ പരിശോധിക്കണമെന്ന നിലപാടാണ് സംഘടനയ്ക്കുള്ളതെന്നായിരുന്നു വക്താവെന്ന നിലയിൽ ജഗദീഷ് ഇറക്കിയ വാർത്തക്കുറിപ്പിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ജഗദീഷ് വക്താവല്ലെന്നും വാർത്തക്കുറിപ്പിനെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞ് സിദ്ദിഖ് പത്രസമ്മേളനം നടത്തിയത്. നേതൃത്വം ചർച്ചചെയ്യാത്ത കാര്യങ്ങൾ മോഹൻലാലിന്റെ തലയിൽ കെട്ടിവെക്കുന്നതായിരുന്നു സിദ്ദിഖിന്റെ പത്രസമ്മേളനമെന്ന വിലയിരുത്തലിലാണ് സംഘടന.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.