1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2015

സ്വന്തം ലേഖകന്‍: 2022 ഓടെ ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് റിപ്പോര്‍ട്ട്. 2100 വരെ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുമെന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ലോക ജനസംഖ്യ വീക്ഷണം: 2015 പുനരവലോകനം’ എന്ന റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ഏകദേശം 138 കോടിയാണ് ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ ജനസംഖ്യ. ഇന്ത്യയുടേത് 131 കോടിയും.

2022 നു ശേഷവും കുറച്ചു വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ കാര്യമായി വളര്‍ച്ചയുണ്ടാകും. 2030 ഓടെ 150 കോടിയും 2050 ല്‍ 170 കോടിയും ആയി വര്‍ധിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, 2030 വരെ ചൈനയുടെ ജനസംഖ്യയില്‍ കാര്യമായി വര്‍ധനവുണ്ടാകില്ലെന്നും 2030 നുശേഷം മാത്രമേ ചെറിയ വളര്‍ച്ചയുണ്ടാകുകയുള്ളൂവെന്നും ലോക ജനസംഖ്യാ പഠനത്തില്‍ പറയുന്നു.

2013 ല്‍ പുറത്തിറക്കിയ പഠനത്തില്‍ 2028 ഓടെ മാത്രമേ ചൈനയെ ഇന്ത്യ മറികടക്കുവെന്നാണ് പ്രവച്ചിച്ചിരുന്നത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടില്‍ ഇത് 2022 ആയി ചുരുങ്ങി. 21 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 166 കോടിയായി കുറയുമെന്നും പറയുന്നു.

നിലവില്‍ 730 കോടിയാണ് ലോക ജനസംഖ്യ. 2030 ഓടെ ഇത് 850 കോടിയാകും. 2050 ല്‍ 970 കോടിയും 2100 ല്‍ 1120 കോടിയുമായി ലോകജനസംഖ്യ ഉയരുമെന്നും പഠനം വ്യക്തമാക്കുന്നു. ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, കോംഗോ, ഇത്യോപ്യ, താന്‍സാനിയ, യു.എസ്, ഇന്തോനേഷ്യ, ഉഗാണ്ട എന്നീ ഒമ്പതു രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും 2015 മുതല്‍ 2050 വരെയുള്ള പകുതി ലോക ജനസംഖ്യയുടെ വളര്‍ച്ച. വരും ദശാബ്ദങ്ങളില്‍ ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യവും വര്‍ധിക്കും.

നിലവില്‍ ലോക ജനസംഖ്യയില്‍ ഏഴാം സ്ഥാനത്തുള്ള നൈജീരിയ 2050ഓടെ അമേരിക്കയെ മറികടന്ന് മൂന്നാം സ്ഥാനത്തുള്ള രാജ്യമായി മാറും.

യുനൈറ്റഡ് നേഷന്‍സിന്റെ സാമ്പത്തിക സാമൂഹിക ഡിപ്പാര്‍ട്ട്‌മെന്റിലെ ജനസംഖ്യാ വിഭാഗമാണ് 2015 പുനരവലോകന ലോക ജനസംഖ്യാ പഠനം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.