1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2015

സ്വന്തം ലേഖകന്‍: യെമനിലെ ഏദന്‍ പട്ടണം ഹൗതികളില്‍ നിന്ന് തിരിച്ചു പിടിച്ചതായി സ്ഥിരീകരണം.യെമനില്‍ നാടുകടത്തപ്പെട്ട് സൗദി അറേബ്യയില്‍ കഴിയുന്ന വൈസ് പ്രസിഡന്റ് ഖാലിദ് ബഹാണ് ഏദന്‍ മോചിപ്പിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഏദനിലും മോചിപ്പിക്കപ്പെട്ട മറ്റ് പ്രവിശ്യകളിലും ജനജീവിതം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ ഖാലിദ് ബഹ വെള്ളം, വൈദ്യുതി എന്നിവയടങ്ങുന്ന അടിസ്ഥാന സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിക്കുമെന്ന് തന്റെ ഫേസ് ബുക്ക് പേജിലൂടെ വ്യാഴാഴ്ച പ്രസ്താവിച്ചു.

സര്‍ക്കാരിനോട് കൂറുള്ള സൈന്യവും വിമതസേനയും തമ്മില്‍ ഏദനില്‍ വച്ച് മാസങ്ങളായി നടക്കുന്ന കനത്ത പോരാട്ടത്തിന് ഇതോടെ അന്ത്യമാവുകയാണ്. ഹൗതികളുടെ മുന്നേറ്റത്തോടെ കഴിഞ്ഞ മാര്‍ച്ചിലാണ് ഏദനില്‍ നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്തുന്ന സൗദി സഖ്യത്തിന്റെ പിന്തുണയാണ് പ്രവിശ്യാ തലസ്ഥാനമായ ഏദന്‍ തിരിച്ചു പിടിക്കാന്‍ സഹായകമായത്.

എന്നാല്‍ കഴിഞ്ഞ ആഴ്ചയോടെ ആരംഭിച്ച തന്ത്രപ്രധാനമായ പ്രത്യാക്രമണം വിമതരുടെ സാന്നിദ്ധ്യമുള്ള ഏദന്‍ നഗരത്തിന്റെ വടക്ക്കിഴക്ക് ഭാഗങ്ങളില്‍ തുടരുകയാണെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് റിയാദില്‍ കഴിഞ്ഞിരുന്ന പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹദി ഭരണകൂടത്തിലെ മന്ത്രിമാരില്‍ പലരും വ്യാഴാഴ്ച ഏദനില്‍ തിരിച്ചെത്തി.

ഹെലികോപ്റ്റര്‍ വഴി ഏദന്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ സൈനിക താവളത്തിലേക്കെത്തിയ മന്ത്രിമാര്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.