1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2017

 

 

സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കല്‍ ബാധകമല്ലെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉറപ്പ്, ആധാര്‍ നിര്‍ബന്ധമാക്കിയ വകുപ്പുകള്‍ പ്രവാസികള്‍ക്ക് ഇളവു നല്‍കണം. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അഥോറിട്ടി ഓഫ് ഇന്ത്യ സിഇഒ ഡോ. അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കി.

ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ പ്രവാസികള്‍ക്ക് അര്‍ഹതയില്ലെന്നും ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഇളവു നല്‍കാന്‍ അതതു വകുപ്പുകള്‍ക്കു ബാധ്യതയുണ്ടെന്നാണു കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പ്രവാസിയാണെന്നും ആധാര്‍ കാര്‍ഡിന് അര്‍ഹതയില്ലെന്നും സത്യവാങ്മൂലം വാങ്ങി വകുപ്പുകള്‍ക്ക് ഇതു ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍ കാര്‍ഡിനപേക്ഷിക്കുന്നവര്‍ രാജ്യത്തെ താമസക്കാരാകണം എന്ന് നിബന്ധനയുണ്ട്. പ്രവാസികള്‍ക്ക് ഇതിന് അപേക്ഷിക്കാന്‍ സാധിക്കില്ല. ഒരു കൊല്ലത്തില്‍ 182 ദിവസമെങ്കിലും രാജ്യത്ത് താമസിക്കുന്നവര്‍ക്ക് മാത്രമേ ആധാര്‍ ലഭ്യമാകൂ. രാജ്യത്ത് താമസിക്കുന്നവര്‍ മാത്രമാണ് ഇത് കൈവശം വയ്‌ക്കേണ്ടതെന്ന് കൃത്യമായി പറയുന്നുണ്ട്. ചില ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ പ്രവാസികള്‍ ആശങ്കയിലായിരുന്നു. ഇതിനെക്കുറിച്ച് അധികൃതര്‍ തന്നെ വിശദീകരണം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

അതേസമയം ആധാര്‍ നിയമത്തിലോ സര്‍ക്കാര്‍ വിജ്ഞാപനത്തിലോ പ്രവാസികളെ ഒഴിവാക്കുന്നതായി കൃത്യമായി വ്യക്തമാക്കാത്ത സാഹചര്യത്തില്‍ പ്രവാസികള്‍ക്കും ആധാര്‍ ലഭിക്കുമെന്നാണ് പലരും കരുതുന്നതെന്നും ഡോ. അജയ് ഭൂഷണ്‍ വ്യക്തമാക്കി. പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അനധികൃതമായി ആധാര്‍ നേടുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്ന കാര്യം തനിയ്ക്ക് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇത് നിയമലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.