1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേർക്ക് രോഗമുക്തിയുമുണ്ടായി. 24-ന് മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച തമിഴ്‍നാട് സ്വദേശി, ഹരസാഗരന്, കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നാണ് ഫലം വന്നത്. ഇതിൽ 78 പേർ വിദേശത്ത് നിന്ന് വന്നതാണ്. 26 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. സമ്പർക്കം വഴി 5 പേർ. രോഗബാധിതരിൽ മൂന്ന് പേർ ആരോഗ്യ പ്രവർത്തകരാണ്. ഒൻപത് സിഐഎസ്എഫുകാർക്കും രോഗം സ്ഥിരീകരിച്ചു.

പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തൃശ്ശൂർ 26, കണ്ണൂർ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസർകോട്, തിരുവനന്തപുരം നാല് വീതം.

നെഗറ്റീവായവരുടെ കണക്ക് – തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂർ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂർ 13, കാസർകോട് 2.

സംസ്ഥാനത്ത് ഇന്നലത്തെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും, തുടർച്ചയായ പത്താം ദിവസവും പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടക്കുകയും ചെയ്തിരുന്നു. ശ്രീകുമാരഗുരുവിന്‍റെ സ്മൃതി ദിനത്തിന് ആശംസകളർപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്.

ഗള്‍ഫില്‍ രണ്ടു മലയാളികള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശി ഖത്തീഫിലും കോട്ടയം സ്വദേശി റിയാദിലുമാണ് മരിച്ചത്. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പൊക്കാട്ടുങ്ങല്‍ അബ്ദുല്‍ അസീസ് (43) അണ് ഖത്തീഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പനിയും ചുമയും ശ്വാസ തടസ്സവുമായി ഒരാഴ്ച ഖതീഫ് അല്‍ സഹ്റ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കോട്ടയം അതിരമ്പുഴ സ്വദേശി ഇഖ്ബാല്‍ റാവുത്തര്‍ നിരപ്പേല്‍ (67) റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ഇഖ്ബാല്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ ചികില്‍സയില്‍ ആയിരുന്നു. മുപ്പത്തിയാറു വര്‍ഷമായി റിയാദില്‍ ജോലിചെയ്യുന്ന ഇഖ്ബാല്‍ റാവുത്തര്‍ സൗദി കണ്‍സല്‍ട്ടന്റ് കമ്പനിയില്‍ ഐ.എസ്. ഒ സ്‌പെഷ്യലിസ്റ്റായിരുന്നു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്,

കഴിഞ്ഞ 24 മണിക്കൂറിൽ 5244 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ 4311 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2057 പേരാണ് ചികിത്സയിലുള്ളത്. 2662 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 286 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ഇനത്തിലുമായി 2,64,727 പേരിൽ നിന്നും സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

സ്വകാര്യ ലാബുകൾ കൂടി 1,71,846 വ്യക്തികളുടെ സാംപിൾ പരിശോധിച്ചതിൽ 2774 എണ്ണത്തിൽ ഫലം ഇനിയും വരാനുണ്ട്. സെൻ്റിനൽസ് സർവ്വേ വഴി മുൻഗണനാവിഭഗത്തിൽപ്പെട്ട 46689 സാംപിളുകൾ ശേഖരിച്ചു. അതിൽ 45065 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 118 ആയി. മലപ്പുറത്തെ പൊന്നാനി താലൂക്കിൽ ഇന്ന് വൈകിട്ട് അഞ്ച് മുതൽ ജൂലൈ ആറ് അർധരാത്രി വരെ ട്രിപ്പിൾ ലോക്ക് ഡൌൺ നടപ്പാക്കും. ധാരാളമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മേഖലകളിൽ വ്യാപകമായി കൊവിഡ് പരിശോധന നടത്തും. രോഗലക്ഷണമുള്ളവർ, ആരോഗ്യപ്രവർത്തകർ, ബാങ്ക് ജീവനക്കാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ എന്നിവർക്ക് ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. മാർക്കറ്റുകളിലും പരിശോധന നടത്തും.

കോഴിക്കോട്, മഞ്ചേരി, തൃശ്ശൂർ, മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ ടീം ഈ പ്രദേശത്ത് ക്യാംപ് ചെയ്ത് അടുത്ത മൂന്ന് ദിവസം ക്ലസ്റ്ററുകളിൽ വിശദമായ പരിശോധനയും വീടുകളിൽ സർവ്വേയും നടത്തും. തീവ്രരോഗബാധിത മേഖലകളിൽ പതിനായിരം പേരിൽ വീതം പരിശോധനയും നടത്തും. കൂടുതലും കേസുകളും ആനുപാതികമായി കണ്ടൈൻമെൻ്റ സോണുകളും ഉണ്ടാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഉറവിടം വ്യക്തമാക്കാത്ത രോഗവ്യാപനം നടന്ന സ്ഥലങ്ങളിൽ കൊവിഡിൻ്റെ സാമൂഹിക വ്യാപനം ഉണ്ടായോ എന്ന് കൃത്യമായി തിരിച്ചറിയാനാണ് ശ്രമം.

കണ്ടൈൻമെൻ്റ് സോണുകൾ കൈകാര്യം ചെയ്യാൻ കൃത്യമായ മാനദണ്ഡം കൊണ്ടു വരും. കണ്ടൈൻമെന്‍റ് സോണിലേക്ക് വരാനും പോകാനും ഒരു വഴി മാത്രമേ പാടുള്ളൂ. വീടുകൾ സന്ദർശിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ആൻ്റിജൻ ടെസ്റ്റ് നടത്തും. കണ്ടൈൻമെൻ്റ് സോണിൽ കേസുകൾ പെരുകിയാൽ അതിനെ നേരിടാൻ സർജ് പ്ലാനും തയ്യാറാണ്. അത്തരം സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടു വരാനും ആശുപത്രികളിൽ അധിക സൌകര്യം ഏർപ്പെടുത്താനും വേണ്ട എല്ലാ കാര്യങ്ങളും പ്ലാനിൽ ഉൾപ്പെടുത്തും.

ജനങ്ങളുടെ ആത്മാർത്ഥമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഇതു നമുക്ക് കാര്യക്ഷമമായി നടപ്പാക്കാനാവൂ. എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടന്ന ഘട്ടമാണ്. കൊവിഡായതിനാൽ ഇക്കുറി വാർഷികാഘോഷം വേണ്ടെന്ന് വച്ചു. സർക്കാരിന് എണ്ണിപ്പറയാൻ നേട്ടമില്ലാത്തത് കൊണ്ടല്ല വാർഷികാഘോഷം മാറ്റിവച്ചത്. കൊവിഡിനെതിരായ പോരാട്ടത്തിൽ മറ്റെല്ലാം മാറ്റിവച്ച് നാം ഒറ്റക്കെട്ടായി അണിനിരക്കണം എന്നതിനാലാണ് അത് ചെയ്തത്. അതിനു ഫലം കണ്ടു.

സമ്പത്തും സാങ്കേതിക സൌകര്യങ്ങളുമുള്ള ലോകരാജ്യങ്ങൾ വരെ കേരളത്തിലേക്ക് നോക്കുകയാണ്. കൊവിഡിനെതിരായ നമ്മുടെ പോരാട്ടം അന്താരാഷ്ട്ര മാധ്യമങ്ങളിലെല്ലാം വലിയ വാർത്തയായി. കൊവിഡ് പോരാട്ടം നിർണായക ഘട്ടത്തിലേക്ക് പുോകുമ്പോൾ മറ്റു അജൻഡകൾക്ക് പിറകേ പോകാൻ സർക്കാരിന് താത്പര്യമില്ല. എല്ലാ ശ്രദ്ധയും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി നൽകും. പ്രതിപക്ഷവും ഇതിനോട് സഹകരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.