1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് ഇതുവരെ, 103.5 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 9 മാസം കൊണ്ടാണ് 100 കോവിഡ് വാക്സിന്‍ ഡോസുകള്‍ എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇന്ന് രാവിലെ 9.47ഓടെ രാജ്യത്ത് നൽകിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കി.

നൂറ് കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ഇന്ത്യക്കാരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്‌സിൻ നിർമ്മാതാക്കൾക്കും ആരോഗ്യ പ്രവർത്തകർക്കും വാക്‌സിൻ യജ്ഞത്തിൽ പങ്കുചേർന്ന എല്ലാവർക്കുമുള്ള നന്ദി അറിയിക്കുന്നു. ആരോഗ്യ രംഗത്ത് ഭാവിയിൽ വലിയ മാറ്റങ്ങൾ നടപ്പാക്കും. പ്രായപൂർത്തിയായ 75 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നൂറ് കോടി നേട്ടത്തിൽ ആശംസകൾ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന വാക്‌സിൻ യജ്ഞം പുതിയ ഇന്ത്യയുടെ സാധ്യതകളും പ്രാപ്തിയും ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വാക്‌സിനേഷനിൽ ചരിത്രം കുറിച്ചതിന് പിന്നാലെ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തും.

ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി ഡൽഹി ആർഎംഎൽ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. നേട്ടത്തില്‍ ലോകാരോഗ്യ സംഘടനയും ഇന്ത്യയെ പ്രശംസിച്ചിരുന്നു. വാക്സിനേഷനില്‍ 100 കോടി ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ട ഇന്ത്യയ്‌ക്ക് ആശംസകള്‍ നേരുന്നുവെന്ന് ലോകാരോഗ്യ സംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.

ശക്തമായ രാഷ്‌ട്രീയ നേതൃത്വം, ആരോഗ്യ പ്രവര്‍ത്തകരുടേയും മുന്നണിപ്പോരാളികളുടേയും ജനങ്ങളുടേയും പൂര്‍ണ്ണ സമര്‍പ്പണം എന്നിവയില്ലാതെ വളരെ കുറച്ച് സമയത്തിനുള്ളില്‍ ഇത്ര വലിയൊരു നേട്ടം സ്വന്തമാക്കാനാകില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള വാക്സിന്‍ പരമാവധി പേരിലേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പൂനം ഖേത്രപാല്‍ സിംഗ് വ്യക്തമാക്കി.

ലോകരാജ്യങ്ങളിൽ നൂറു കോടി വാക്സിനേഷൻ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് മറ്റൊരു രാജ്യം. ഈ നേട്ടം ആഘോഷമാക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവരിൽ 75 ശതമാനം ആളുകള്‍ക്ക് ആദ്യ ഡോസും31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.