1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2022

സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. ഡോളറിനെതിരെ 77.44 നിലവാരത്തിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 77.44 രൂപ നല്‍കേണ്ട സ്ഥിതി. ചൈനയിലെ ലോക്ഡൗണ്‍, റഷ്യ-യുക്രൈന്‍ യുദ്ധം, ഉയര്‍ന്ന പലിശ നിരക്ക് സംബന്ധിച്ച ഭയം എന്നിവയാണ് രൂപയെ ബാധിച്ചത്. രൂപയുടെ മൂല്യം 78-വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഡോളറിനെതിരെ 77.40 നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം നടന്നത്. വെള്ളിയാഴ്ച 77.05 നിലവാരത്തിലായിരുന്നു ക്ലോസിങ് എങ്കിലും തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ 77.42ലെത്തി. താരതമ്യേന സുരക്ഷിത കറന്‍സിയായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളര്‍ കരുത്താര്‍ജിക്കാനും രൂപ ദുര്‍ബലമാകാനും ഇതിടയാക്കി.

ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാന്‍ വന്‍ തിരക്കാണ് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്നത്. മാസത്തിന്റെ തുടക്കത്തിലായതിനായതിനാല്‍ ശമ്പളം നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്തു.

ഒമാന്‍ റിയാലിന്റെ രൂപയുമായുള്ള വിനിമയ നിരക്ക് ഇന്നലെ അതിന്റെ സര്‍വ്വകാല റെക്കോര്‍ഡിലെത്തി. തിങ്കളാഴ്ച ഒരു ഘട്ടത്തില്‍ ഒരു ഒമാന്‍ റിയാലിന് 201 രൂപ 21 പൈസ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. ഈ വര്‍ഷം മാര്‍ച്ച് എട്ടിനുണ്ടായിരുന്ന ഉയര്‍ന്ന വിനിമയ നിരക്ക് ഇതോടെ പഴങ്കഥയായി.

മാര്‍ച്ച് എട്ടിന് ഓണ്‍ലൈന്‍ വിനിമയ പോര്‍ട്ടലായ എക്സി എക്ചേഞ്ച് ഒരു റിയാലിന് 200.40 എന്ന നിരക്കായിരുന്നു രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ വിനിമയ നിരക്ക് ഉയരാന്‍ തുടങ്ങിയിരുന്നുവെങ്കിലും വൈകിട്ടോടെ റിയാലിന് 201.70 രൂപ വരെ എത്തി. ഇതോടെയാണ് മണി എക്‌സ്‌ചേഞ്ചുകള്‍ ഒരു റിയാലിന് 200 രുപ 21 പൈസ എന്ന നിരക്കിലേക്ക് കടന്നത്. ഇതാദ്യമായാണ് ഒമാന്‍ റിയാലിന് 200 രൂപയില്‍ അധികം ലഭിക്കുന്നത്.

യുഎഇ ദിര്‍ഹമിനും ചരിത്രത്തിലെ ഏറ്റവും വലിയ വിനിമയ നിരക്കാണ് രൂപയുമായുള്ള വിനിമയത്തില്‍ ഇന്നലെ ലഭിച്ചത്. ഒരു യുഎഇ ദിര്‍ഹമിന് 20 രൂപ 97 പൈസയാണ് ഇതുവരെ രേഖപ്പെടുത്തിയിരുന്ന ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കെങ്കില്‍ ഇന്നലെ അത് 21 രൂപ 10 പൈസ വരെ ഉയര്‍ന്നു. വെള്ളിയാഴ്ച ഒരു ദിര്‍ഹമിന് 20 രൂപ 95 പൈസയായിരുന്നു ലഭിച്ചിരുന്നത്. ഇതോടെ മണി എക്‌സ്‌ചേഞ്ചുകളില്‍ നാട്ടിലേക്ക് പണമയക്കാന്‍ എത്തിയവരുടെ വന്‍ തിരക്കാണ് യുഎഇയില്‍ ഇന്നലെ അനുഭവപ്പെട്ടത്.

എന്നാല്‍ മാസാദ്യത്തില്‍ ശമ്പളം ലഭിച്ച ദിവസങ്ങളില്‍ തന്നെ പലരും നാട്ടിലേക്ക് പണം അയച്ചത് തിരിച്ചടിയായി. മാസത്തിന്റെ തുടക്കത്തില്‍ 20 രൂപ 80 പൈസ വരെ ദിര്‍ഹമിന് യുഎഇയില്‍ ലഭിച്ചിരുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ദിര്‍ഹമിന് 21 രൂപ 20 പൈസ വരെ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ഇതേ രീതിയില്‍ മറ്റെല്ലാ ഗള്‍ഫ് നാടുകളിലെയും കറന്‍സികളുടെ മൂല്യം ഉയര്‍ന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കുവൈത്ത് ദിനാറിന് 252 രൂപ 48 പൈസയാണ് ഇന്നലെ വിനിമയ നിരക്ക് രേഖപ്പെടുത്തിയത്. ഖത്തര്‍ റിയാലിന്റെ മൂല്യം 21 രൂപ 28 പൈസയും, സൗദി റിയാലിന്റെ മൂല്യം 20 രൂപ 66 പൈസയും ബഹ്റൈന്‍ ദിനാറിന്റേത് 205 രൂപ 61 പൈസയും ആയി വര്‍ധിച്ചു. ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്കില്‍ ഗള്‍ഫ് കറന്‍സികളുടെ ഇത്രയേറെ കരുത്ത് കാട്ടുന്നത് ഏറ്റവും വലിയ റെക്കോഡാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.